TMJ
searchnav-menu
post-thumbnail

TMJ Daily

ഗാസയിലെ വെടിനിര്‍ത്തല്‍, ബന്ധികളെ കൈമാറുന്നതിനുള്ള കരാര്‍ ഇസ്രായേല്‍ അംഗീകരിച്ചു

18 Jan 2025   |   2 min Read
TMJ News Desk

ഗാസയില്‍ വെടിനിര്‍ത്തുന്നതിനും ബന്ധികളെ കൈമാറുന്നതിനുമുള്ള ഹമാസുമായുള്ള കരാര്‍ ഇസ്രായേല്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ഇത് ഞായറാഴ്ച്ച പ്രാബല്യത്തില്‍ വരും.

മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ രാത്രി വൈകിയാണ് ഇസ്രായേല്‍ മന്ത്രിസഭ കരാര്‍ അംഗീകരിച്ചത്. രണ്ട് തീവ്ര-വലതുപക്ഷ മന്ത്രിമാര്‍ കരാറിനെതിരെ വോട്ട് ചെയ്തു. യുദ്ധത്തിന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതാണെന്ന് പറഞ്ഞ് സുരക്ഷാ മന്ത്രിസഭ കരാറിന് നേരത്തെ അനുമതി നല്‍കിയിരുന്നുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

ഖത്തറും യുഎസും ഈജിപ്തും മധ്യസ്ഥത വഹിച്ച് രണ്ട് ദിവസം മുമ്പ് പ്രഖ്യാപിച്ച കരാറിന്റെ വിശദാംശങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും ഹമാസും അറിയിച്ച് മണിക്കൂറുകള്‍ക്കുശേഷമാണ് ഇസ്രായേല്‍ മന്ത്രിസഭയുടെ അംഗീകാരം വന്നത്.

ആറാഴ്ച്ച നീളുന്ന ആദ്യഘട്ടത്തില്‍ ഹമാസ് ബന്ദികളാക്കിയിട്ടുള്ള 33 ഇസ്രായേലുകാര്‍ക്ക് പകരം നൂറുകണക്കിന് പാലസ്തീന്‍ തടവുകാരെ ഇസ്രായേല്‍ വിട്ടയ്ക്കും. 15 മാസത്തെ സംഘര്‍ഷത്തിനുശേഷമാണ് സമാധാന അന്തരീക്ഷം ഉണ്ടാകുന്നത്.

ഗാസയില്‍ ജനസാന്ദ്രത കൂടിയ ഇടങ്ങളില്‍ നിന്നും ഇസ്രായേല്‍ സൈന്യം പിന്‍മാറും. യുദ്ധത്തെ തുടര്‍ന്ന് പലായനം ചെയ്ത പാലസ്തീന്‍കാരെ സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കും. കൂടാതെ, ഓരോ ദിവസവും നൂറുകണക്കിന് ദുരിതാശ്വാസ ലോറികളേയും കടത്തിവിടും.

16ാം ദിനം മുതല്‍ രണ്ടാം ഘട്ടത്തിന്റെ ചര്‍ച്ചകള്‍ ആരംഭിക്കും. ഈ ഘട്ടത്തില്‍ അവശേഷിക്കുന്ന ബന്ദികളെ വിട്ടയയ്ക്കുകയും ഇസ്രായേലി സൈന്യം പൂര്‍ണമായും പിന്‍മാറുകയും ചെയ്യും. കൂടാതെ, സുസ്ഥിരമായ ശാന്തി പുനസ്ഥാപിക്കുകയും ചെയ്യും.

മൂന്നാമത്തെ അന്തിമഘട്ടത്തില്‍ ഗാസയുടെ പുനര്‍നിര്‍മ്മാണം ഉള്‍പ്പെടുന്നു. ഇതിന് വര്‍ഷങ്ങള്‍ വേണ്ടിവരും. കൂടാതെ, ബന്ധികളുടെ മൃതദേഹങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവ ഇസ്രായേലിലേക്ക് തിരിച്ചെത്തിക്കും.

ബന്ദികളില്‍ സാധാരണക്കാരായ സ്ത്രീകള്‍, സ്ത്രീ സൈനികര്‍, കുട്ടികള്‍, മുതിര്‍ന്നവര്‍, രോഗബാധിതരും പരിക്കേറ്റവരുമായ സാധാരണക്കാര്‍ എന്നിവരെയാണ് ആദ്യഘട്ടത്തില്‍ വിട്ടയയ്ക്കുന്നതെന്ന് ഖത്തര്‍ പറഞ്ഞു.

2023 ഒക്ടോബര്‍ ഏഴിന് ഹമാസ് അസാധാരണമായ രീതിയില്‍ ഇസ്രായേലിലേക്ക് കടന്നുകയറി ആക്രമണം നടത്തുകയും 1200 ഓളം പേരെ കൊല്ലുകയും 251 പേരെ ബന്ധികളാക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇസ്രായേല്‍ ഹമാസിനെ നശിപ്പിക്കുമെന്ന പ്രതിജ്ഞയുമായി ഗാസയില്‍ ആക്രമണം ആരംഭിച്ചത്. ഇസ്രായേലും യുഎസും മറ്റും ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനുശേഷം ഗാസയില്‍ 46,870 പേരില്‍ അധികം കൊല്ലപ്പെട്ടുവെന്ന് ഹമാസിന്റെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയം പറയുന്നു. 2.3 മില്ല്യണ്‍ ജനതയില്‍ മിക്കവരും പലായനം ചെയ്തു. ഗാസയില്‍ വ്യാപകമായി നാശനഷ്ടങ്ങള്‍ ഉണ്ടായി. കൂടാതെ, ഭക്ഷണം, ഇന്ധനം, മരുന്ന്, വാസസൗകര്യം എന്നിവയുടെ ക്ഷാമവും അതിരൂക്ഷമായി.

ബന്ദികളായി 94 പേര്‍ ഹമാസിന്റെ പക്കല്‍ ഉണ്ടെന്നും അതില്‍ 34 പേര്‍ മരിച്ചുവെന്നുമാണ് ഇസ്രായേല്‍ കരുതുന്നത്. കൂടാതെ, യുദ്ധത്തിന് മുമ്പ് തട്ടിക്കൊണ്ടുപോയ നാല് ഇസ്രായേലികളില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തു.





#Daily
Leave a comment