
ഇറാന് നേർക്ക് ഇസ്രായേൽ ആക്രമണം; ഇരുരാജ്യങ്ങളും സംയമനം പാലിക്കണം: ഇന്ത്യ
ഇറാനിലെ ടെഹ്റാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പ്രതികരണവുമായി ഇന്ത്യൻ ഗവൺമെന്റ്. ആക്രമണം നിർത്തലാക്കാനുള്ള ചർച്ചകൾക്കും നയതന്ത്രത്തിനും ഇരുരാജ്യങ്ങളും തയ്യാറാവണമെന്ന് ഇന്ത്യൻ ഗവൺമെന്റ് ആവശ്യപ്പെട്ടു. സന്ദർഭങ്ങൾ വീക്ഷിക്കുകയാണെന്നും ഇരുരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം പ്രധാനപ്പെട്ടതാണെന്നും, സമാധാനത്തിനായി എല്ലാവിധ പിന്തുണയും നൽകുമെന്നും ഇന്ത്യൻ ഗവൺമെന്റ് അറിയിച്ചു.
ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ആറിടങ്ങളിൽ സ്ഫോടനമുണ്ടായെന്ന് ഇസ്രായേൽ പറഞ്ഞു. ആണവ പ്ലാന്റുകളെ ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നും ഇസ്രായേൽ അറിയിച്ചു. ഇറാനെതിരെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ച ‘ഓപ്പറേഷൻ റൈസിങ് ലയൺ’ തുടരുമെന്നും ഇസ്രായേൽ മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച രാവിലെയോടെ ടെഹ്രാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ആണവകേന്ദ്രങ്ങളെ കൂടാതെ ബാലിസ്റ്റിക് മിസൈൽ ഫാക്ടറികളെയും മിലിറ്ററി കമാൻഡർമാരെയും ലക്ഷ്യം വച്ചിരുന്നെന്ന് റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഇറാനിലെ നറ്റാൻസിലെ യുറേനിയം എൻറിച്ച്മെന്റ് കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിൽ നിന്നും തിരിച്ചടി മുന്നിൽകണ്ട് ഇസ്രായേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.


