TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

ഗാസ തെരുവുകളില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍; ദിവസത്തില്‍ മുന്നൂറോളം മരണം

11 Dec 2023   |   1 min Read
TMJ News Desk

മാസിന്റെ മുന്നറിയിപ്പിന് പിന്നാലെ ഗാസയില്‍ ബോംബാക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഗാസയിലെ മധ്യ, തെക്കന്‍ മേഖലകളിലാണ് വ്യോമാക്രമണം ശക്തമാക്കിയിരിക്കുന്നത്. 24 മണിക്കൂറില്‍ മുന്നൂറോളം പേര്‍ കൊല്ലപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. 

തടവിലാക്കിയവരെ വിട്ടയച്ചില്ലെങ്കില്‍ ഒരു ഇസ്രയേല്‍ ബന്ദിപോലും ജീവനോടെ മടങ്ങില്ലെന്നാണ് ഹമാസിന്റെ ഭീഷണി. ഗാസയിലെ ഖാന്‍ യൂനിസിലാണ് ഇസ്രയേല്‍ ഇന്ന് ആക്രമണം നടത്തിയത്. ഗാസയില്‍ നിന്ന് ഇസ്രയേലിലേക്ക് മിസൈലാക്രമണം നടക്കുന്നതായി സൈന്യം സ്ഥിരീകരിച്ചിരുന്നു. ഇസ്രയേല്‍ തുരങ്കപാതയ്ക്കായി പരിശോധന നടത്തിയ വീടും ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടതായി പലസ്തീന്‍ ഇസ്ലാമിക് ജിഹാദ് വ്യക്തമാക്കി. 

മധ്യസ്ഥതയ്ക്ക് തടസ്സമാകുന്നു

കരയുദ്ധത്തില്‍ 101 സൈനികര്‍ ഇതുവരെ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു. മധ്യസ്ഥ ശ്രമങ്ങളില്‍ നിന്ന് പിന്നോട്ടില്ല. എന്നാല്‍ പ്രശ്‌നപരിഹാരത്തിനു ഇരുകക്ഷികള്‍ക്കും ഒരേ സന്നദ്ധത കാണുന്നില്ലെന്നും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍താനി വ്യക്തമാക്കി. ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്നത് സമാധാന ചര്‍ച്ചകളെ ബാധിച്ചതായി ഖത്തര്‍ പ്രധാനമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരാന്‍ കക്ഷികള്‍ അവസരം നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്തിന്റെയും അമേരിക്കയുടെയും പിന്തുണയോടെ ഖത്തറിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചകളുടെ ഫലമായി കഴിഞ്ഞമാസം ഏഴുദിവസത്തെ താല്ക്കാലിക വെടിനിര്‍ത്തല്‍ നടപ്പാക്കിയിരുന്നു. എന്നാല്‍ കരാര്‍ കഴിഞ്ഞതോടെ വീണ്ടും ഇസ്രയേല്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. 

ദൈറല്‍ ബലാഹിലെ താമസ സമുച്ചയത്തില്‍ നടന്ന ആക്രമണത്തില്‍ മാത്രം 50 ഓളം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുന്ന 61 ശതമാനം പേരും സാധാരണ ജനങ്ങളാണെന്നാണ് ഹഅരെറ്റ്‌സ് പഠനം പറയുന്നത്. ഗാസയില്‍ ഇപ്പോഴും 137 ബന്ദികള്‍ തടവില്‍ കഴിയുന്നതായാണ് ഇസ്രയേലിന്റെ വാദം. അതേസമയം സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത് 7,000 ത്തോളം പലസ്തീന്‍ വംശജന്‍ ഇസ്രയേല്‍ ജയിലിലുണ്ടെന്നാണ്. സൈനിക നടപടിയിലൂടെ ബന്ദിമോചനം സാധിക്കില്ലെന്ന് ഹമാസ് വക്താവ് അബൂ ഉബൈദ ഇസ്രയേലിന് ഭീഷണി മുഴക്കി. എന്നാല്‍ ഹമാസിന്റെ അന്ത്യമടുത്തതായി നെതന്യാഹു പറഞ്ഞു. 

താളംതെറ്റിയ ആരോഗ്യമേഖല

തെക്കന്‍ ഗാസയിലടക്കം ആശുപത്രികള്‍ പരുക്കേറ്റവരാല്‍ നിറഞ്ഞിരിക്കുകയാണ്. ഭക്ഷണത്തിനും കുടിവെള്ളത്തിനും ക്ഷാമം രൂക്ഷമായിത്തന്നെ തുടരുന്നു. കൂടാതെ വിവിധ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതും വെല്ലുവിളിയാകുകയാണ്. അടിസ്ഥാന സൗകര്യങ്ങളില്ലാതെ വൃത്തിഹീനമായ ക്യാമ്പുകളും അവശ്യവസ്തുക്കളുടെ ക്ഷാമവും ഗാസ നിവാസികളുടെ ദുരിതം ഇരട്ടിപ്പിക്കുകയാണ്. ഭൂരിഭാഗം ആശുപത്രികളും ഗാസയില്‍ പ്രവര്‍ത്തിക്കുന്നില്ല. ഗാസ സിറ്റിയില്‍ അല്‍ ഷിഫ ആശുപത്രിയില്‍ 30,000 ത്തോളം പേരാണ് അഭയാര്‍ത്ഥികളായി കഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്.


#Daily
Leave a comment