IMAGE | WIKI COMMONS
ഗാസയില്‍ മൂന്ന് യുഎന്‍ വാഹനങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം
ഗാസയില്‍ മൂന്ന് യുഎന്‍ വാഹനങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം. യുഎന്‍ സഹായസംഘത്തിന് നേരെ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തുവെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. തെക്കന്‍ ഖാന്‍ യൂനിസില്‍ പരുക്കേറ്റയാളെ കയറ്റുന്നതിനിടെ ആംബുലന്‍സിന് നേരെയും സൈന്യം വെടിയുതിര്‍ത്തു. ഗാസയില്‍ എട്ട് ദിവസത്തിനുള്ളില്‍ അഞ്ച് സ്‌കൂളുകള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം ഉണ്ടായതായി പലസ്തീന്‍ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും അറിയിച്ചു.
ഐക്യരാഷ്ട്രസഭയ്ക്ക് കീഴിലെ അബു ഒറേഖാന്‍ സ്‌കൂളില്‍ ഉണ്ടായ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടതായും 80 പേര്‍ക്ക് പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. ജൂലൈ 9 ന് ഖാന്‍ യൂനിസിലെ അല്‍-ഔദ സ്‌കൂളിന്റെ പ്രവേശന കവാടത്തിനടുത്തുള്ള ടെന്റുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ ആക്രമണം ഉണ്ടായത്. ഗാസ സിറ്റിയിലെ ഹോളി ഫാമിലി സ്‌കൂളില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഒക്ടോബര്‍ 7 മുതല്‍ ആരംഭിച്ച യുദ്ധത്തില്‍ ഗാസയിലെ 400 ലധികം സ്‌കൂളുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.
ആശുപത്രികള്‍ തകര്‍ച്ചയുടെ ഘട്ടത്തില്‍; റെഡ് ക്രോസ്
തെക്കന്‍ ഗാസയിലെ ആശുപത്രികളെല്ലാം തകര്‍ച്ചയുടെ ഘട്ടത്തിലാണെന്ന് ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗാസയിലെ തങ്ങളുടെ 26 ആരോഗ്യ കേന്ദ്രങ്ങളില്‍ 10 എണ്ണം മാത്രമാണ് പ്രവര്‍ത്തനക്ഷമമെന്ന് പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സി അറിയിച്ചു. ഓരോ ദിവസവും ഇസ്രയേല്‍ ബോംബാക്രമണത്തില്‍ പരുക്കേറ്റവരാല്‍ ആശുപത്രികള്‍ തിങ്ങിനിറയുകയാണെന്നും ഇവരെ ചികിത്സിക്കാന്‍ മതിയായ സൗകര്യങ്ങള്‍ ആശുപത്രികളില്‍ ഇല്ലാതാവുകയാണെന്നും റെഡ് ക്രോസ് പ്രതികരിച്ചു.