
സിറിയയിലെ ഗോലാന്‍ കുന്നുകള്‍ ഇസ്രയേല്‍ പിടിച്ചെടുത്തു
സിറിയയിലെ ഗോലാന്‍ കുന്നുകളിലെ സൈന്യരഹിത ബഫര്‍ സോണ്‍ ഇസ്രായേല്‍ പിടിച്ചെടുത്തു. ഹയാത്ത് അല്‍-തഹ്‌റിര്‍ അല്‍-ഷാം (എച്ച്ടിഎസ്) സിറിയില്‍ അധികാരം പിടിച്ചതിനെ തുടര്‍ന്ന് 1974-ല്‍ സിറിയയുമായി ഒപ്പിട്ട പിന്‍മാറ്റ കരാര്‍ 'തകര്‍ന്നു' എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. താല്‍ക്കാലികമായാണ് ഇസ്രായേല്‍ സൈന്യം ഗോലാന്‍ കുന്നുകള്‍ പിടിച്ചെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ തന്നെ ഇസ്രായേലിന്റെ പക്കലുള്ള ഗോലാന്‍ കുന്നുകളുടെ ഭാഗത്തുനിന്നും സിറിയയുടെ ഭാഗത്തെ ഗോലാന്‍ കുന്നുകളുടെ നിയന്ത്രണം കൈവശപ്പെടുത്താന്‍ താന്‍ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ്സിന് (ഐഡിഎഫ്) ഉത്തരവ് നല്‍കിയെന്ന് നെതന്യാഹു പറഞ്ഞു.
ബഫര്‍ സോണിനുള്ളില്‍ ഉള്‍പ്പെടുന്ന ക്വുനെട്ര പ്രവിശ്യയില്‍ നിന്നും സിറിയന്‍ സൈന്യം ഒഴിഞ്ഞു പോയിരുന്നു. ഇവിടെയുള്ള അഞ്ച് സിറിയന്‍ ഗ്രാമങ്ങളിലെ നിവാസികളോട് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവിടെ തുടരാന്‍ ഐഡിഎഫ് നിര്‍ദ്ദേശിച്ചിരുന്നു.
ഡമാസ്‌കസിനു 60 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായുള്ള പാറകള്‍ നിറഞ്ഞ സമതല പ്രദേശമാണ് ഗോലാന്‍ കുന്നുകള്‍.1967-ലെ ആറുദിന യുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ സിറിയയില്‍ നിന്നും ഇസ്രയേല്‍ പിടിച്ചെടുത്ത പ്രദേശമാണ് ഗോലാന്‍. 1981-ല്‍ ഏകപക്ഷീയമായി രാജ്യത്തോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഈ നീക്കത്തെ അന്താരാഷ്ട്രതലത്തില്‍ അംഗീകരിച്ചിട്ടില്ലെങ്കിലും 2019-ല്‍ യുഎസ് അംഗീകരിച്ചു.
എച്ച്ടിഎഫ് അധികാരം പിടിച്ചെടുത്തപ്പോള്‍ പലായനം ചെയ്ത അസാദിന്റെ പിതാവായിരുന്നു 1974-ലെ കരാര്‍ സമയത്തെ സിറിയന്‍ ഭരണാധികാരി.