REPRESENTATIVE IMAGE: WIKI COMMONS
വ്യോമാക്രമണം സ്ഥിരീകരിച്ച് ഇസ്രയേല്‍; നയതന്ത്രബന്ധം വിച്ഛേദിച്ച് ബൊളീവിയ
വടക്കന്‍ ഗാസയിലുള്ള ജബലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ വ്യോമാക്രമണം നടത്തിയത് സ്ഥിരീകരിച്ച് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ്. ഒക്‌ടോബര്‍ ഏഴിലെ ആക്രമണത്തിന് ഉത്തരവാദിയായ മുതിര്‍ന്ന ഹമാസ് കമാന്‍ഡറെ വധിച്ചതായും ഇസ്രയേല്‍ അറിയിച്ചു. ഹമാസിന്റെ സെന്‍ട്രല്‍ ജബലിയ ബറ്റാലിയന്‍ കമാന്‍ഡറായ ഇബ്രാഹിം ബിയാരിയെ വധിച്ചെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.
ഗാസ മുനമ്പിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലാണ് ബിയാരി കൊല്ലപ്പെട്ടത്. ജബലിയ ക്യാമ്പിനു നേരെ ഇസ്രയേല്‍ ആറുതവണ ബോംബിട്ടതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ക്യാമ്പ് പൂര്‍ണമായും തകര്‍ക്കപ്പെട്ടു. ആക്രമണത്തില്‍ 50 ലധികം പേര്‍ കൊല്ലപ്പെടുകയും 150 ലധികം പേര്‍ക്ക് പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ മരിച്ചവരുടെ എണ്ണം കൃത്യമായി കണ്ടെത്തുക പ്രയാസമാണെന്ന് ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രി ഡയറക്ടര്‍ അറിയിച്ചു.
കഴിഞ്ഞ 75 വര്‍ഷത്തോളമായി ഒന്നേകാല്‍ ലക്ഷം പലസ്തീനികള്‍ താമസിക്കുന്ന അഭയാര്‍ത്ഥി ക്യാമ്പാണ് ജബലിയയിലേത്. ഒരുകിലോമീറ്റര്‍ പ്രദേശത്ത് നൂറുകണക്കിന് ചെറു കൂരകളിലായി ജനങ്ങള്‍ തിങ്ങിക്കഴിയുന്ന സ്ഥലത്താണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. നിരവധി ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്.
വ്യാപക പ്രതിഷേധം
1948 മുതല്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന സ്ഥലത്തുണ്ടായ ആക്രമണത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. ആക്രമണത്തിനെതിരെ വെസ്റ്റ് ബാങ്കിലും ഖത്തറിലും വ്യാപക പ്രതിഷേധമാണ് നടന്നത്. മനുഷ്യാവകാശ നിയമം തോന്നിയപോലെ ഉപയോഗിക്കാന്‍ ഹോട്ടല്‍ മെനുവല്ലെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് കുറ്റപ്പെടുത്തി. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം അവഗണിക്കാന്‍ കഴിയുന്നതല്ല. വ്യത്യസ്തത, ആനുപാതികത, മുന്‍കരുതല്‍ എന്നീ തത്ത്വങ്ങള്‍ എല്ലാ കക്ഷികളും പാലിക്കണം. സംഘര്‍ഷം ഒഴിവാക്കാന്‍ എല്ലാ നേതാക്കളും പരമാവധി സംയമനം പാലിക്കണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ വെള്ളിയാഴ്ച വീണ്ടും ഇസ്രയേലിലെത്തും.
ഗാസയിലെ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് ബൊളീവിയ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചു. ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍ ആക്രമണത്തെ എതിര്‍ത്തും അപലപിച്ചുമാണ് നയതന്ത്രബന്ധം വിച്ഛേദിക്കുന്നതെന്ന് ബൊളീവിയന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഫ്രെഡി മാമണി അറിയിച്ചു. ഭക്ഷണം, വെള്ളം തുടങ്ങി ജീവന്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ മറ്റു ഘടകങ്ങള്‍ ഇവയിലേക്കുള്ള ഇസ്രയേലിന്റെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗാസയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്ന ആദ്യ രാജ്യമാണ് ബൊളീവിയ.
സ്ഥിതി വഷളായി ഗാസ
ഗാസയില്‍ ഇന്ധനക്ഷാമം രൂക്ഷമായി. ഭക്ഷണത്തേക്കാള്‍ ഇന്ധനത്തിനാണ് ക്ഷാമം നേരിടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗാസയിലെ വിവിധ ആശുപത്രികളിലായി നിരവധി പേരാണ് ഓപ്പറേഷനുകള്‍ക്കായി കാത്തിരിക്കുന്നത്. ഇന്ധനക്ഷാമം മൂലം ആശുപത്രികളില്‍ ഓപ്പറേഷനുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പരുക്കേറ്റവരെ പ്രവേശിപ്പിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. അതേസമയം, ഗാസയില്‍ ഗുരുതരമായി പരുക്കേറ്റവരെ റഫ അതിര്‍ത്തിവഴി ഈജിപ്തിലെത്തിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് ഇതുവരെ 8,525 പലസ്തീനികള്‍ കൊല്ലപ്പെട്ടു. 1,400 ഇസ്രയേല്‍ നിവാസികളും മരിച്ചതായാണ് കണക്ക്.