REPRESENTATIONAL IMAGE: WIKI COMMONS
ഇസ്രയേല്‍-ഗാസ യുദ്ധം; ഖത്തറില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച
ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരവെ ഖത്തറില്‍ ഇന്ന് വെടിനിര്‍ത്തല്‍ ചര്‍ച്ച. മൊസാദ് തലവന്‍ ഡേവിഡ് ബാര്‍ണിയയുടെ നേതൃത്വത്തിലുള്ള ഇസ്രയേല്‍ പ്രതിനിധി സംഘവും ഹമാസ് നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും. വെടിനിര്‍ത്തല്‍ കരാറിലും ബന്ദികളുടെ കൈമാറ്റത്തിലും തീരുമാനം ഉണ്ടായേക്കും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ദാനി പലസ്തീന്‍ പ്രസിഡന്റുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഹമാസ് മുന്നോട്ടുവെച്ച കരാര്‍ നിര്‍ദേശങ്ങള്‍ ഇസ്രയേല്‍ തള്ളിയതോടെ കഴിഞ്ഞ വെടിനിര്‍ത്തല്‍ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
ആക്രമണം ശക്തമാക്കി ഇസ്രയേല്‍
മധ്യ ഗാസയില്‍ ഇസ്രയേല്‍ ഇന്നലെ നടത്തിയ ആക്രമണത്തില്‍ 12 പേര്‍കൂടി കൊല്ലപ്പെട്ടു. ഇസ്രയേല്‍ സൈന്യം ഗാസയിലെ അല്‍ ഷിഫ ആശുപത്രി വളയുകയും വെടിയുതിര്‍ക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ട് പ്രകാരം ഹമാസ് ആശുപത്രിക്കുള്ളില്‍ സംഘടിച്ചതായി സൈനിക വക്താവ് അവകാശപ്പെട്ടു. അതേസമയം റാഫയില്‍ കരയാക്രമണവുമായി മുന്നോട്ടുപോകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 31,645 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും 73,676 പേര്‍ക്ക് പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ട്.
ഗാസ പൂര്‍ണമായും ഒഴിപ്പിക്കുമെന്ന് ഇസ്രയേല്‍
ഗാസ പൂര്‍ണമായും ഒഴിപ്പിക്കുമെന്നും ആക്രമണം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നതിന്റെ രൂപരേഖ യുദ്ധമന്ത്രിസഭയ്ക്ക് സമര്‍പ്പിച്ചതായും ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചിരുന്നു. പാരീസില്‍ ഈജിപ്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി അമേരിക്ക നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഗാസ മുനമ്പ് പൂര്‍ണമായും ഒഴിപ്പിക്കുമെന്ന് ഇസ്രയേല്‍ അറിയിക്കുന്നത്. ഇസ്രയേല്‍ ആക്രമണം ആരംഭിച്ചപ്പോള്‍ 23 ലക്ഷത്തോളം ആളുകളാണ് ഗാസയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 13 ലക്ഷം പേരും ഈജിപ്ത് അതിര്‍ത്തിയിലുള്ള റാഫയില്‍ തിങ്ങിപ്പാര്‍ക്കുകയാണ്.
ഇസ്രയേല്‍-ഗാസ യുദ്ധം; പട്ടിണി ആയുധമായി ഉപയോഗിക്കുന്നുവെന്ന് യൂറോപ്യന്‍ യൂണിയന്‍
ഗാസയില്‍ പട്ടിണി യുദ്ധ ആയുധമായി ഉപയോഗിക്കുന്നുവെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി ജോസെപ് ബോറല്‍. ഗാസയിലേക്ക് വേണ്ട സഹായം എത്താതിരിക്കുന്നത് മനുഷ്യനിര്‍മ്മിത ദുരന്തമാണ് ഉണ്ടാക്കുന്നതെന്നും യുഎന്‍ മേധാവി സൂചിപ്പിച്ചിരുന്നു. ആവശ്യമായ ഭക്ഷ്യവസ്തുക്കളുമായി ഒരു സ്പാനിഷ് കപ്പല്‍ സൈപ്രസില്‍ നിന്ന് ഗാസയിലേക്ക് പുറപ്പെട്ടു, എന്നാല്‍ കരമാര്‍ഗമുള്ള സഹായ വിതരണത്തോളം ഫലം കണ്ടെത്താന്‍ കടല്‍ മാര്‍ഗത്തില്‍ സാധിക്കുന്നില്ലെന്നും ബോറല്‍ ചൂണ്ടിക്കാട്ടി. പ്രദേശത്ത് സഹായം എത്തിക്കാനുള്ള ഏറ്റവും ഫലപ്രദമായ റോഡ് മാര്‍ഗത്തില്‍ ഇസ്രയേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാലാണ് സഹായം എത്തിക്കാന്‍ സാധിക്കാത്തതെന്നും യുഎന്‍ നേരത്തെ വ്യക്തമാക്കിയതാണ്.