ഇസ്രയേല്‍-ഗാസ യുദ്ധം; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു
ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ ഇസ്രയേലുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരുന്നു. തെക്കന്‍ ഗാസ നഗരമായ റഫയില്‍ ബോംബാക്രമണം അവസാനിപ്പിക്കാന്‍ ഇസ്രയേല്‍ ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ദം നേരിടുന്ന സാഹചര്യത്തിലാണ് യുഎസ്, ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ചര്‍ച്ച വീണ്ടും ആരംഭിച്ചത്. ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയിലാണ് ചര്‍ച്ച നടക്കുന്നത്.
ഒന്നരമാസത്തെ വെടിനിര്‍ത്തല്‍ എന്ന യു എസ് നിര്‍ദ്ദേശം അംഗീകരിക്കുമെങ്കിലും ബന്ദികള്‍ക്ക് പകരമായി കൂടുതല്‍ തടവുകാരെ വിട്ടയക്കാന്‍ സാധ്യമല്ലെന്ന നിലപാടാണ് ഇസ്രയേല്‍ സ്വീകരിച്ചിരിക്കുന്നത്. ആദ്യ വെടിനിര്‍ത്തല്‍ വേളയില്‍ സ്വീകരിച്ച മാനദണ്ഡങ്ങള്‍ തന്നെ അംഗീകരിക്കാമെന്നും ഇസ്രയേല്‍ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച്ച ഹമാസിന്റെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നിരസിക്കുകയായിരുന്നു. ഹമാസ് മുന്നോട്ടുവച്ച വ്യവസ്ഥകളോട് ഇസ്രയേല്‍ സ്വീകരിച്ച നിഷേധനിലപാടായിരുന്നു വെടിനിര്‍ത്തല്‍ ചര്‍ച്ചയ്ക്ക് തിരിച്ചടിയായത്. മാത്രമല്ല ഇസ്രയേല്‍ സൈനികരോട് അവരുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും റഫയില്‍ ഒളിച്ചിരിക്കുന്ന ഹമാസ് തോക്കുധാരികളെ പരാജയപ്പെടുത്താനും നെതന്യാഹു ആഹ്വാനം ചെയ്തിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഗാസയ്്ക്കുമേല്‍ സമ്പൂര്‍ണ വിജയം സാധ്യമാണെന്ന നിലപാട് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു.
ഇസ്രയേലിന് അമേരിക്കയുടെ ധനസഹായം
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കവെ ഇസ്രയേലിന് വീണ്ടും സൈനികസഹായവുമായി യു എസ്. 1400 കോടി ഡോളറിന്റെ സഹായമാണ് കൈമാറുന്നത്. ഇതിനെതിരെ അമേരിക്കയില്‍ നിന്ന് തന്നെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഖാന്‍യൂനിസിലും റഫയിലും ഇസ്രയേലിന്റെ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് നിലവില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ച പുരോഗമിക്കുന്നത്. യുദ്ധം ശക്തമായി തുടരവെ ഗാസയില്‍ മരിച്ചവരുടെ എണ്ണം 28,473 ആയി. 68,146 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.