ജോസെപ് ബോറല്‍ | PHOTO: TWITTER
ഇസ്രയേല്‍-ഗാസ യുദ്ധം; പട്ടിണി ആയുധമായി ഉപയോഗിക്കുന്നുവെന്ന് യൂറോപ്യന്‍ യൂണിയന്‍
ഗാസയില്‍ പട്ടിണി യുദ്ധ ആയുധമായി ഉപയോഗിക്കുന്നുവെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി ജോസെപ് ബോറല്‍. ഗാസയിലേക്ക് വേണ്ട സഹായം എത്താതിരിക്കുന്നത് മനുഷ്യനിര്‍മ്മിത ദുരന്തമാണ് ഉണ്ടാക്കുന്നതെന്നും യുഎന്‍ മേധാവി സൂചിപ്പിച്ചു. ആവശ്യമായ ഭക്ഷ്യവസ്തുക്കളുമായി ഒരു സ്പാനിഷ് കപ്പല്‍ സൈപ്രസില്‍ നിന്ന് ഗാസയിലേക്ക് പുറപ്പെട്ടു, എന്നാല്‍ കരമാര്‍ഗമുള്ള സഹായ വിതരണത്തോളം ഫലം കണ്ടെത്താന്‍ കടല്‍ മാര്‍ഗത്തില്‍ സാധിക്കുന്നില്ലെന്നും ബോറല്‍ ചൂണ്ടിക്കാട്ടി. പ്രദേശത്ത് സഹായം എത്തിക്കാനുള്ള ഏറ്റവും ഫലപ്രദമായ റോഡ് മാര്‍ഗത്തില്‍ ഇസ്രയേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനാലാണ് സഹായം എത്തിക്കാന്‍ സാധിക്കാത്തതെന്നും യുഎന്‍ വ്യക്തമാക്കി.
തെക്കന്‍ ഗാസയില്‍ ആക്രമണം തുടരും; നെതന്യാഹു
തെക്കന്‍ ഗാസയില്‍ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. റഫയെ ആക്രമിക്കാനുള്ള തന്റെ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ച നെതന്യാഹു ഹമാസിനെ തകര്‍ക്കാനുള്ള എല്ലാ ജോലികളും പൂര്‍ത്തീകരിക്കാന്‍ കരസേനയോട് ആവശ്യപ്പെട്ടു. അതേസമയം രാത്രിയോടെ ഇസ്രയേല്‍ വെസ്റ്റ് ബാങ്കില്‍ നടത്തിയ ആക്രമണത്തില്‍ നാല് പലസ്തീനികള്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗാസയിലെ ദേര്‍ അല്‍ ബലാഹിലെ വീടുകള്‍ക്ക് നേരെ ആക്രമണം നടത്തുകയും വടക്കന്‍ ഗാസയില്‍ ഭക്ഷണ സഹായം സ്വീകരിക്കാനായി ഒത്തുകൂടിയ 11 പലസ്തീനികളെ ഇസ്രയേല്‍ കൊല്ലുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഇസയേല്‍ ആക്രമണത്തില്‍ ഇതുവരെ 31,184 പലസ്തീനികള്‍ കൊല്ലപ്പെടുകയും 72,889 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.