IMAGE | WIKI COMMONS
ഇസ്രയേല്‍-ഗാസ യുദ്ധം; വെടിനിര്‍ത്തല്‍ ചര്‍ച്ചക്കായി ഹമാസ് പ്രതിനിധി സംഘം ഈജിപ്തില്‍
ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരവെ വെടിനിര്‍ത്തല്‍ ചര്‍ച്ചക്കായി ഹമാസ് പ്രതിനിധി സംഘം ഇന്ന് ഈജിപ്തില്‍ എത്തും. വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങളില്‍ തങ്ങളുടെ തീരുമാനം മധ്യസ്ഥ രാജ്യങ്ങളെ അറിയിക്കുമെന്നും ഹമാസ് വ്യക്തമാക്കി. വെടിനിര്‍ത്തലും തടവുകാരെ കൈമാറ്റാം ചെയ്യലുമായി ബന്ധപ്പെട്ട കരാര്‍ അംഗീകരിക്കാന്‍ ഇസ്രയേല്‍ ഒരാഴ്ച സമയം അനുവദിച്ചതായും അല്ലാത്തപക്ഷം റഫയില്‍ കരയാക്രമണം ആരംഭിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയില്‍ ദുരവസ്ഥ പരിഹരിക്കാന്‍ ഉടന്‍ തന്നെ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് നിര്‍ദേശിച്ചു. ഇസ്രയേല്‍ റഫയില്‍ കരയാക്രമണം ആരംഭിച്ചാല്‍ ലക്ഷക്കണക്കിനാളുകള്‍ മരിച്ചുവീഴുമെന്ന് യുഎന്‍ ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമനിറ്റേറിയന്‍ അഫയേഴ്‌സ് പറഞ്ഞു.
ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച് കൊളംബിയ
ഗാസയ്ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇസ്രയേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുന്നതായി കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇസ്രയേല്‍ ഭരണകൂടം ഗാസയില്‍ നടത്തുന്നത് വംശഹത്യയാണെന്നും ഗുസ്താവോ പെട്രോ ആരോപിച്ചു. ബൊഗോട്ടയില്‍ അന്താരാഷ്ട്ര തൊഴിലാളി ദിനത്തില്‍ ജനങ്ങളോട് സംസാരിക്കവെയായിരുന്നു പ്രഖ്യാപനം. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുമ്പോള്‍ രാജ്യങ്ങള്‍ നിഷ്‌ക്രിയരായിരിക്കരുതെന്നും പെട്രോ പറഞ്ഞു.
ഇസ്രയേലിന്റെ പ്രധാന വിമര്‍ശകരില്‍ ഒരാളാണ് ഗുസ്താവോ പെട്രോ. ജൂതന്മാരെക്കുറിച്ച് നാസികള്‍ പറഞ്ഞതിന് സമാനമായ ഭാഷയാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പലസ്തീനികള്‍ക്കെതിരെ ഉപയോഗിച്ചതെന്ന പെട്രോയുടെ പരാമര്‍ശം ചര്‍ച്ചയായിരുന്നു. ഇതേ തുടര്‍ന്ന് കൊളംബിയയിലേക്കുള്ള സുരക്ഷാ കയറ്റുമതി നിര്‍ത്തുന്നതായി ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരിയില്‍ ഗാസയില്‍ ഭക്ഷണത്തിനായി അണിനിരന്ന പലസ്തീനികള്‍ക്ക് നേരെ ഇസ്രയേല്‍ വെടിയുതിര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് ഇസ്രയേലില്‍ നിന്നും ആയുധങ്ങള്‍ വാങ്ങുന്നത് കൊളംബിയ നിര്‍ത്തിവെച്ചു. വെടിയുതിര്‍ത്ത സംഭവം ഹോളോകോസ്റ്റിനെ ഓര്‍മ്മിപ്പിക്കുന്നതായും പെട്രോ പ്രതികരിച്ചിരുന്നു.
ദുരന്ത മുന്നറിയിപ്പുമായി യുഎന്‍ മേധാവി
തെക്കന്‍ ഗാസ നഗരമായ റഫയെ ആക്രമിക്കാനുള്ള ഇസ്രയേല്‍ തീരുമാനം വന്‍ ദുരന്തത്തിന് കാരണമാകുമെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി. ഹമാസുമായി വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കിയാലും റഫയിലേക്ക് ഇസ്രയേല്‍ സൈന്യം പ്രവേശിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. റഫയെ ഇസ്രയേല്‍ ആക്രമിച്ചാല്‍ സംഭവിക്കാന്‍ പോകുന്ന ദുരന്തത്തെ ഒരു മാനുഷിക പദ്ധതിക്കും പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് യുഎന്‍ മാനുഷികകാര്യ അണ്ടര്‍ സെക്രട്ടറി ജനറല്‍ മാര്‍ട്ടിന്‍ ഗ്രിഫ്ത്ത്‌സ് പ്രതികരിച്ചിരുന്നു.