PHOTO: PTI
ഇസ്രയേല്‍ ഗാസ യുദ്ധം; ഗാസയിലേക്ക് സഹായം എത്തിച്ച യു എന്‍ സംഘത്തെ ഇസ്രയേല്‍ തടഞ്ഞു
വടക്കന്‍ ഗാസയിലേക്ക് ഭക്ഷ്യസഹായം എത്തിക്കാനുള്ള യുഎന്‍ ഏജന്‍സിയുടെ ശ്രമം ഇസ്രയേല്‍ തടഞ്ഞതായി വേള്‍ഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. വടക്കന്‍ ഗാസയിലേക്ക് ഭക്ഷ്യസഹായം എത്തിക്കാനുള്ള തങ്ങളുടെ ആദ്യ ശ്രമവും ഇസ്രയേല്‍ പ്രതിരോധ സേന മുന്‍പ് തടഞ്ഞതായും വേള്‍ഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. 14 ലോറികള്‍ ചെക്ക്‌പോസ്റ്റില്‍ നിന്ന് തിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ട്. ചെക്ക് പോസ്റ്റില്‍ മൂന്ന് മണിക്കൂറോളം കാത്തിരിക്കേണ്ടി വന്ന ശേഷമാണ് വാഹനങ്ങള്‍ തിരിച്ചയച്ചതെന്നും വേള്‍ഡ് ഫുഡ് പ്രോഗ്രാം പറഞ്ഞു. വടക്കന്‍ ഗാസയില്‍ കുട്ടികള്‍ പട്ടിണിമൂലം മരിക്കുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ഇസ്രയേലിന്റെ ഈ നിയന്ത്രണം.
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെടുന്നു
ഗാസയില്‍ വെടിനിര്‍ത്തല്‍ സംബന്ധിച്ച് നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടു. റമദാന്‍ ആരംഭിക്കുന്നതിന് മുന്‍പ് വെടിനിര്‍ത്തല്‍ നടപ്പിലാക്കാനായി ഈജിപ്തിലെ കെയ്‌റോയില്‍ നടന്ന ചര്‍ച്ചകള്‍ തീരുമാനമാകാതെ അവസാനിച്ചതായാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കുകയും ഗാസയില്‍ നിന്ന് പിന്‍വാങ്ങുകയും തടവില്‍ കഴിയുന്ന പലസ്തീനികളെ മോചിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ് അറിയിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഈ ആവശ്യങ്ങള്‍ പരസ്യമായി നിരസിച്ചു. ഹമാസിനെ ശിഥിലീകരിച്ച് തടവുകാരെ മുഴുവന്‍ തിരിച്ചുകൊണ്ടുവരുമെന്നും നെതന്യാഹു പ്രതികരിച്ചു.
ഗാസയില്‍ കൂടുതല്‍ സഹായം എത്തിക്കാന്‍ ഇസ്രയേല്‍ തയ്യാറാകണമെന്ന് കമല ഹാരിസ്
ഗാസയിലെ ജനങ്ങള്‍ പട്ടിണിയിലാണെന്നും അവിടേക്ക് കൂടുതല്‍ സഹായങ്ങള്‍ എത്തിക്കാന്‍ ഇസ്രയേല്‍ തയ്യാറാകണമെന്നും കമലാ ഹാരിസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഗാസയിലെ കഷ്ടതകളുടെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍ അടുത്ത ആറാഴ്ചയെങ്കിലും ഉടനടി വെടിനിര്‍ത്തല്‍ ഉണ്ടായിരിക്കണം, അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെ അതിര്‍ത്തികള്‍ തുറന്ന് ഗാസയില്‍ കൂടുതല്‍ സഹായങ്ങള്‍ എത്തിക്കാന്‍ ഇസ്രയേല്‍ തയ്യാറാകണം തുടങ്ങിയ നിര്‍ദ്ദേശങ്ങളായിരുന്നു കമല ഹാരിസ് മുന്നോട്ടുവച്ചത്.
ഗാസയില്‍ ഭക്ഷണം ലഭിക്കാനായി സഹായം തേടിയ നൂറിലധികം പലസ്തീനികള്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ട സംഭവത്തെ സൂചിപ്പിച്ചുക്കൊണ്ടായിരുന്നു കമലാ ഹാരിസിന്റെ പ്രതികരണം. വെടിനിര്‍ത്തല്‍ കരാറിന്റെ നിബന്ധനകള്‍ ഹമാസ് അംഗീകരിക്കണമെന്നും കമല ഹാരിസ് പറഞ്ഞിരുന്നു.
ഗാസയില്‍ കടുത്ത പട്ടിണി
ഗാസ സിറ്റിയില്‍ സഹായം തേടിയ ആളുകള്‍ക്ക് നേരെ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ക്കുകയും ഡസന്‍ കണക്കിന് ആളുകളെ കൊല്ലുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഗാസയിലെ കമാല്‍ അദ്വാന്‍ ഹോസ്പിറ്റലില്‍ പോഷകാഹാരക്കുറവ് മൂലം 15 കുട്ടികള്‍ മരിച്ചതായി യുനിസെഫ് അറിയിച്ചു. മറ്റ് ആശുപത്രികളില്‍ ഈ എണ്ണം കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.