
PHOTO: WIKICOMMONS
ഇസ്രയേല്‍-ഗാസ യുദ്ധം; ഗാസയിലെ മൂന്ന് ആശുപത്രികള്‍ ഉപരോധിച്ച് ഇസ്രയേല്‍ സൈന്യം
തെക്കന്‍ ഗാസയിലെ അല്‍-അമാല്‍, നാസെര്‍ ആശുപത്രികള്‍ വളഞ്ഞ് ഇസ്രയേല്‍ സൈന്യം. വടക്കന്‍ ഗാസയിലെ അല്‍-ഷിഫ മെഡിക്കല്‍ കോംപ്ലക്‌സില്‍ ഒരാഴ്ചയായി ഇസ്രയേല്‍ സൈന്യം റെയ്ഡ് തുടരുന്ന സാഹചര്യത്തിലാണ് രണ്ട് ആശുപത്രികള്‍ക്കൂടി സൈന്യം ഉപരോധിച്ചിരിക്കുന്നത്. അല്‍ ഷിഫ ആശുപത്രിയില്‍ നാല് മൃതദേഹങ്ങള്‍ക്ക് മുകളിലൂടെ ഇസ്രയേല്‍ സൈന്യം ടാങ്കുകളും ബുള്‍ഡോസറുകളും ഓടിക്കുന്നത് കണ്ടതായി ആശുപത്രിയില്‍ അഭയംപ്രാപിച്ച ആയിരക്കണക്കിന് പലസ്തീനികളില്‍ ഒരാളായ ജമീല്‍ അല്‍-അയൂബി പറഞ്ഞു. ആംബുലന്‍സുകളും തകര്‍ത്തതായാണ് റിപ്പോര്‍ട്ട്.
ഗാസയിലെ ദേര്‍ അല്‍ ബലായില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഒമ്പത് പലസ്തീനികള്‍ കൊല്ലപ്പെട്ടതായും നിരവധി ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം എഴുപത് ശതമാനം ആളുകളും കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന വടക്കന്‍ ഗാസയിലേക്ക് ഭക്ഷണമെത്തിക്കുന്ന യുഎന്‍ആര്‍ഡബ്ല്യുഎ സംഘങ്ങള്‍ക്ക് ഇനി അനുമതി നല്‍കില്ലെന്ന് ഇസ്രയേല്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. ഗാസയിലെ വെടിനിര്‍ത്തലിനായുള്ള തങ്ങളുടെ ഏറ്റവും പുതിയ നിര്‍ദേശങ്ങള്‍ ഇസ്രയേല്‍ നിരസിച്ചെന്ന് ഹമാസ് പ്രതികരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍
യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ തയ്യാറാക്കിയ ബദല്‍ വെടിനിര്‍ത്തല്‍ പ്രമേയത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അമേരിക്കയുടെ നേതൃത്വത്തിലുള്ള വെടിനിര്‍ത്തല്‍ പ്രമേയം കഴിഞ്ഞദിവസം പരാജയപ്പെട്ടതോടെയാണ് ബദല്‍ പ്രമേയം കൗണ്‍സില്‍ രൂപീകരിച്ചത്. റഷ്യയും ചൈനയും നിരസിച്ചതോടെയാണ് യുഎസ് നേതൃത്വത്തിലുള്ള പ്രമേയം യുഎന്‍ രക്ഷാസമിതി തള്ളുന്നത്. 15 കൗണ്‍സില്‍ അംഗങ്ങളില്‍ 11 പേരും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ റഷ്യയും ചൈനയും പ്രമേയം നിരസിക്കുകയായിരുന്നു.
മുസ്ലീം വിശുദ്ധ മാസമായി കണക്കാക്കുന്ന റമദാനില്‍ ഉടനടി വെടിനിര്‍ത്തല്‍ നടത്തുക, എല്ലാ ബന്ദികളെയും മോചിപ്പിക്കുക, ഗാസയിലേക്കുള്ള മാനുഷിക സഹായം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബദല്‍ പ്രമേയത്തിന്റെ കരട് പകര്‍പ്പില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്.