
PHOTO: WIKI COMMONS
ഇസ്രയേല്‍-ഗാസ യുദ്ധം; യുഎസില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തം
ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്കെതിരെ അമേരിക്കയില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തം. ഓസ്റ്റിനിലെ ടെക്‌സാസ് സര്‍വകലാശാലയിലും സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലും നിരവധി വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊളംബിയ സര്‍വകലാശാലയില്‍ ആരംഭിച്ച പ്രതിഷേധം ഹാര്‍വാര്‍ഡ്, യേല്‍ തുടങ്ങിയ സര്‍വകലാശാലകളിലേക്കും വ്യാപിച്ചിരുന്നു. ടെക്‌സാസ് സര്‍വകലാശാലയുടെ ഓസ്റ്റിന്‍ ക്യാമ്പസില്‍ 34 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. ബ്രൗണ്‍ സര്‍വകലാശാല, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, കാലിഫോര്‍ണിയ സ്‌റ്റേറ്റ് പോളിടെക്‌നിക്, മിഷിഗണ്‍ സര്‍വകലാശാല ക്യാമ്പസുകളിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നുണ്ട്.
സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥികള്‍ ടെന്റുകള്‍ കെട്ടി പ്രതിഷേധിച്ചു. കൊളംബിയ സര്‍വകലാശാല സന്ദര്‍ശിച്ച യു എസ് ജനപ്രതിനിധിസഭാ സ്പീക്കര്‍ മൈക്ക് ജോണ്‍സണെതിരെയും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. യുഎസ് ക്യാമ്പസുകളില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ ബെഞ്ചമിന്‍ നെതന്യാഹു വിമര്‍ശിച്ചു. ക്യാമ്പസുകള്‍ ജൂതവിരുദ്ധര്‍ കയ്യേറിയെന്നായിരുന്നു ഇസ്രയേല്‍ ആരോപണം.
കണക്കുകളുമായി പലസ്തീന്‍
ഇസ്രായേല്‍ സൈന്യം ഗാസയില്‍ നടത്തിവരുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34,262 ആയി ഉയര്‍ന്നതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുദ്ധം തുടങ്ങി ആറ് മാസത്തിനിടെ 77,229 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ 14000 ത്തിലധികം കുട്ടികളും 9,000 ത്തിലധികം സ്ത്രീകളുമുണ്ടെന്ന് ഗാസ അധികൃതര്‍ അറിയിച്ചു.
ഖാന്‍ യൂനിസിലെ ശവക്കുഴികളില്‍ നിന്ന് ഇതുവരെ 300 ലധികം പേരെ കണ്ടെടുത്തു. പട്ടിണിയും പോഷകാഹാരക്കുറവും മൂലം 30 ലധികം കുട്ടികളാണ് കൊല്ലപ്പെട്ടത്. 3,025 കൂട്ടക്കൊലകളാണ് ഇസ്രയേലി സൈന്യം ഗാസയില്‍ നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പലസ്തീനികള്‍ ഏറെ താമസിക്കുന്ന റഫാ നഗരത്തെ തകര്‍ക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. ഇതിനായി രണ്ട് അധിക ബ്രിഗേഡുകള്‍ ഗാസയില്‍ വിന്യസിപ്പിക്കാന്‍ ഇസ്രയേല്‍ സൈന്യം തീരുമാനിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎയ്ക്ക് ആവശ്യമായ ധനസഹായം പുനഃസ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. യുദ്ധത്തില്‍ താറുമാറായ ഗാസയിലെ യുഎന്‍ആര്‍ഡബ്ല്യുഎയുടെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതായി ഫിന്‍ലാന്‍ഡ് അറിയിച്ചു.