PHOTO: PTI
ഇസ്രയേല്‍ ഹമാസ് യുദ്ധം; വെടിനിര്‍ത്തല്‍ കരാറിന് അനുകൂല പ്രതികരണവുമായി ഹമാസ്
ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരവെ വെടിനിര്‍ത്തല്‍ കരാറിനോട് അനുകൂലമായി പ്രതികരിച്ച് ഹമാസ്. ഖത്തര്‍, അമേരിക്ക, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ഹമാസിന്റെ അനകൂല പ്രതികരണം. കരാര്‍ നടപ്പാക്കാന്‍ സമയമെടുക്കുമെന്ന് യുഎസും ഖത്തറും അറിയിച്ചു. ഏതുരീതിയിലായിരിക്കും കരാര്‍ എന്ന് വ്യക്തമാക്കിയിട്ടില്ല.
ഗാസയില്‍ യുദ്ധം രൂക്ഷമാകുമ്പോള്‍ ഇസ്രയേലും ഹമാസും തമ്മില്‍ കരാറിന് വഴിയൊരുക്കാനും ഗാസയിലെ തടവുകാരെയും ഇസ്രയേലിലെ പലസ്തീന്‍ തടവുകാരെയും മോചിപ്പിക്കാനും ലക്ഷ്യം വച്ച് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ കഴിഞ്ഞദിവസം ഈജിപ്തും ഖത്തറും സന്ദര്‍ശിച്ചിരുന്നു. ഖത്തര്‍ പ്രധാനമന്ത്രി ജാസിം അല്‍ താനിയാണ് ഹമാസിന്റെ അനുകൂല പ്രതികരണത്തെക്കുറിച്ച് അറിയിച്ചത്. കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചു. ഹാമാസിന്റെ പ്രതികരണം ഇസ്രയേല്‍ നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നും ബ്ലിങ്കെന്‍ വ്യക്തമാക്കി.
തെക്കന്‍ ഗാസയിലെ റഫ നഗരത്തിന് നേരെയുള്ള ഇസ്രയേല്‍ ആക്രമണം ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് യു എന്‍ പറഞ്ഞു. ആക്രമണം ഉണ്ടായാല്‍ വലിയ തോതിലുള്ള ജീവഹാനിക്ക് അത് കാരണമായേക്കുമെന്നും യു എന്‍ വ്യക്തമാക്കി. ഒക്ടോബര്‍ 7 മുതലുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 27,585 പേര്‍ കൊല്ലപ്പെടുകയും 66,978 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.