TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

ഇസ്രയേല്‍-ഹമാസ് യുദ്ധം; യുഎന്‍ രക്ഷാസമിതിയുടെ ചര്‍ച്ച ഫലം കണ്ടില്ല

26 Oct 2023   |   1 min Read
TMJ News Desk

സ്രയേല്‍ ഹമാസ് യുദ്ധം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ യുഎന്‍ രക്ഷാസമിതി നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ തേടിയുള്ള ചര്‍ച്ച നാലാം തവണയും പരാജയപ്പെട്ടു. രാജ്യങ്ങള്‍ക്കു സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന യുഎസ് പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തു. വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് റഷ്യയും പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ഇരുപതു ദിവസത്തോളമായി ബന്ദികളായി കഴിയുന്നവരെ വിട്ടയക്കണം എന്ന് യുഎന്‍ ഹമാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹമാസിനെ ഭീകരരായി പ്രഖ്യാപിക്കണം

ഹമാസിനെ ഭീകരരായി പ്രഖ്യാപിക്കണം എന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് ഇസ്രയേല്‍ അംബാസഡര്‍. വിഷയം ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് നാഒര്‍ ഗിലോര്‍ വ്യക്തമാക്കി. ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നതിനുള്ള വിവരങ്ങള്‍ ഇന്ത്യക്ക് കൈമാറിയതായും ഗിലോര്‍ പറഞ്ഞു. 

യുദ്ധം ഇരുപതാം ദിവസത്തിലേക്ക് കടന്നതോടെ ഇന്ധനക്ഷാമം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ഗാസയില്‍ രൂക്ഷമാണ്. ഗാസയിലെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തേണ്ടി വരും എന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യൂഎ അറിയിച്ചിട്ടുള്ളത്. ഇന്ധനക്ഷാമം മൂലം ഗാസയിലെ 15 ആശുപത്രികള്‍ അടക്കേണ്ട സ്ഥിതിയില്‍ ആണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡീസലില്‍ പ്രവര്‍ത്തിക്കുന്ന ജനറേറ്ററുകള്‍ ഉപയോഗിച്ചാണ് ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയിരുന്നത്. എന്നാല്‍ ഇന്ധനക്ഷാമം രൂക്ഷമാണ്. ബന്ദികളെ വിട്ടയച്ചാല്‍ മാത്രമേ ഗാസയിലേക്ക് വൈദ്യുതി നല്‍കു എന്ന നിലപാടിലാണ് ഇസ്രയേല്‍.

പരിഹാരം രണ്ട് രാജ്യം: ബൈഡന്‍

വെസ്റ്റ് ബാങ്കില്‍ പലസ്തീനികള്‍ക്കു നേരെ നടത്തുന്ന ആക്രമണം ഇസ്രയേല്‍ അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഓസ്‌ട്രേലിയന്‍ പ്രസിഡന്റ് അന്തോണി അല്‍ബനിസും ബൈഡനും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ബൈഡന്‍. ഇസ്രയേലിന്റെ പ്രതിരോധത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും രണ്ട് രാജ്യം മാത്രമാണ് പരിഹാരം എന്നും ബൈഡന്‍ പറഞ്ഞു. 

ഇസ്രയേല്‍ കരയുദ്ധം ആരംഭിച്ചാല്‍ മരണസംഖ്യ ഇനിയും ഉയരും. കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കയുണ്ട്. ഹമാസ് ജനങ്ങള്‍ക്കു പിറകില്‍ മറഞ്ഞിരിക്കുകയാണ്. വെസ്റ്റ് ബാങ്കില്‍ പലസ്തീനികളെ ആക്രമിക്കുന്നത് എരിതീയിലേക്ക് എണ്ണയൊഴിക്കലാണ്. അത് അവസാനിപ്പിക്കണം എന്നും ബൈഡന്‍ പറഞ്ഞു.


#Daily
Leave a comment