IMAGE | WIKI COMMONS
പലസ്തീന്‍ അഭയകേന്ദ്രങ്ങളില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍
സെന്‍ട്രല്‍ ഗാസയിലെ നുസെറാത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നും കുടിയിറക്കപ്പെട്ടവര്‍ അഭയം പ്രാപിച്ച യുഎന്‍ആര്‍ഡബ്ല്യുഎ സ്‌കൂളിന് നേരെ ഇസ്രയേല്‍ ബോംബാക്രമണം. സംഭവത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. ഹമാസിന്റെ രഹസ്യ കേന്ദ്രമാണെന്നാരോപിച്ചാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. സെന്‍ട്രല്‍ ഗാസയിലും ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. നുസെറാത്ത് ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ ആറ് പലസ്തീനികള്‍ കൊല്ലപ്പെട്ടു. അതേസമയം അധിനിവേശ വെസ്റ്റ് ബാങ്കില്‍ 23 പലസ്തീനികളെ ഇസ്രയേല്‍ കസ്റ്റഡിയിലെടുത്തു.
ഇസ്രയേല്‍ ഇനിയും ആക്രമണം തുടര്‍ന്നാല്‍ അടുത്തമാസം പകുതിയോടെ ഒരു ദശലക്ഷത്തിലധികം പലസ്തീനികള്‍ ഏറ്റവും ഉയര്‍ന്ന തോതില്‍ പട്ടിണി അനുഭവിക്കുമെന്ന് യുഎന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. എട്ട് മാസത്തോളമായി ഇസ്രയേല്‍- ഹിസ്ബുള്ള സംഘര്‍ഷം തുടരുന്ന ലെബനനില്‍ തീവ്രമായ സൈനിക ഓപ്പറേഷന് തയ്യാറാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രയേല്‍ സൈന്യം ലെബനനില്‍ ബോംബാക്രമണം നടത്തുകയും ഹിസ്ബുള്ള വടക്കന്‍ ഇസ്രായേലില്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു. ഗാസയ്‌ക്കെതിരായ ആക്രമണത്തില്‍ ഇതുവരെ 36,586 പലസ്തീനികള്‍ കൊല്ലപ്പെടുകയും 83,074 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.