PHOTO: WIKI COMMONS
ആക്രമണം ശക്തമാക്കി ഇസ്രയേല്‍; ഹമാസിന്റെ 130 ആയുധ തുരങ്കങ്ങള്‍ തകര്‍ത്തു
ഗാസാ സിറ്റിയില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍ സൈന്യം. 130 ഭൂഗര്‍ഭ ആയുധശേഖര തുരങ്കങ്ങള്‍ തകര്‍ത്തതായി സേനാ വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. ഭൂമിക്കടിയില്‍ കിലോമീറ്ററുകളോളം വ്യാപിച്ചു കിടക്കുന്ന തുരങ്കങ്ങള്‍ക്കുള്ളിലാണ് ഹമാസ് പ്രധാനമായും ആയുധശേഖരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.
ഹമാസിന്റെ ആയുധനിര്‍മാതാക്കളില്‍ മുഖ്യനായ മുഹ്‌സിന്‍ അബു സിനയെ വധിച്ചതായും ഇസ്രയേല്‍ സൈന്യം നേരത്തെ അറിയിച്ചിരുന്നു. ഒക്‌ടോബര്‍ ഏഴിനു തെക്കന്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തിനു പിന്നാലെ കനത്ത പോരാട്ടമാണ് ഗാസയ്ക്കുമേല്‍ ഇസ്രയേല്‍ നടത്തുന്നത്.
ഹമാസിനെ ഉന്മൂലനം ചെയ്യണമെങ്കില്‍ ആയുധശേഖരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന തുരങ്കങ്ങള്‍ പൂര്‍ണമായും നശിപ്പിക്കണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. ആ ലക്ഷ്യമാണ് ഇസ്രയേല്‍ സേന ഇപ്പോള്‍ പൂര്‍ത്തീകരിക്കുന്നത്.
കൂട്ടപലായനം തുടരുന്നു
വടക്കന്‍ ഗാസയില്‍ നിന്ന് ആയിരങ്ങളാണ് കാല്‍നടയായി തെക്കന്‍ ഗാസയിലേക്കു പലായനം ചെയ്യുന്നത്. 10 ലക്ഷത്തിലേറെ പേര്‍ താമസിച്ചിരുന്ന വടക്കന്‍ ഗാസയില്‍ ഇനിയും ഒരുലക്ഷം പേര്‍ ഉണ്ടെന്ന് ഇസ്രയേല്‍ സര്‍ക്കാര്‍ വക്താവ് ഇയോണ്‍ ലെവി പറഞ്ഞു. ദിവസവും നാലുമണിക്കൂര്‍ നേരമാണ് സിവിലിയന്‍ പലായനത്തിന് വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ ഇടവേള അനുവദിക്കുന്നത്. ഈ സമയത്താണ് ആയിരങ്ങള്‍ കൂട്ടപലായനം നടത്തുന്നത്.
ഇന്ധനം മുടങ്ങിയതിനാല്‍ കാറുകളും മറ്റു വാഹനങ്ങളുമില്ലാതെ കാല്‍നടയായും കഴുതപ്പുറത്തേറിയുമാണ് പലായനം. 23 ലക്ഷം പലസ്തീന്‍ വംശജരില്‍ 15 ലക്ഷത്തിലേറെയും ഇതിനോടകം അഭയാര്‍ത്ഥികളായിട്ടുണ്ട്. വടക്കന്‍ ഗാസയില്‍ കുടിവെള്ളം, ഭക്ഷണം, ഇന്ധനം എന്നിവയെല്ലാം പൂര്‍ണമായും വിലക്കപ്പെട്ടതോടെ കടുത്ത ഭക്ഷ്യപ്രതിസന്ധിയും നേരിടുകയാണ്.
ഗാസാ സിറ്റിയിലെ അല്‍ ഖുദ്‌സ് ആശുപത്രിയിലേക്കുള്ള എല്ലാ വഴികളും ഇസ്രയേല്‍ സൈന്യം അടച്ചതായി ജീവകാരുണ്യ സംഘടനയായ റെഡ് ക്രോസ് അറിയിച്ചു. അല്‍ ഖുദ്‌സ് അടക്കമുള്ള ആശുപത്രികള്‍ക്കടിയില്‍ ഹമാസിന്റെ ആയുധശേഖര തുരങ്കങ്ങളുണ്ടെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്.
കനത്ത സാമ്പത്തിക ചിലവില്‍ ഇസ്രയേല്‍
ഒക്‌ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച ആക്രമണത്തില്‍ ഇസ്രയേലിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടാകുന്നതായി റിപ്പോര്‍ട്ട്. ഒരു മാസത്തിനിടെ 13 ബില്യണ്‍ യുഎസ് ഡോളറിന്റെ സാമ്പത്തിക നഷ്ടമാണ് ഇസ്രയേലിനുണ്ടായതെന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആയിരക്കണക്കിന് ഇസ്രയേല്‍ തൊഴിലാളികള്‍ ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണെന്നും ഇതുവരെ 2,24,000 ഇസ്രയേലികള്‍ സെറ്റില്‍മെന്റ് ക്യാമ്പുകളില്‍ നിന്ന് പുറത്താക്കപ്പെട്ടതായും പറയപ്പെടുന്നു. കൂടാതെ ഇസ്രയേല്‍ കറന്‍സിയായ ഷെകല്‍ എട്ടുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഡോളറിനെതിരെ വിനിമയം നടത്തുന്നത്.