യുഎന്‍ ജനറല്‍ അസംബ്ലി | PHOTO: UN
കരയുദ്ധം കടുപ്പിച്ച് ഇസ്രയേല്‍; യുദ്ധത്തിനെതിരെ യുഎന്‍ പ്രമേയം പാസാക്കി
ഇസ്രയേല്‍ ഗാസയില്‍ കരയുദ്ധം കടുപ്പിച്ചു. ഇസ്രയേല്‍ സേന ടാങ്കുകളുമായി ഗാസയില്‍ പ്രവേശിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വടക്കന്‍ ഗാസയില്‍ ഹമാസും ഇസ്രയേല്‍ സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. കടുത്ത വ്യോമാക്രമണം തുടരുകയാണ്. ഗാസയിലെ ആശയ വിനിമയ സംവിധാനങ്ങള്‍ തകരാറിലായി. യൂദ്ധം 22 ദിവസം പിന്നിടുമ്പോള്‍ 7326 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രമേയം പാസാക്കി യുഎന്‍
ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനെതിരെ യുഎന്‍ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കി. അടിയന്തിരമായി വെടിനിര്‍ത്തണമെന്നും ഗാസയില്‍ സഹായം എത്തിക്കുന്നതിനുള്ള തടസ്സം നീക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രമേയം. ജോര്‍ദാന്റെ നേതൃത്വത്തിലാണ് പ്രമേയം അവതിരിപ്പിച്ചത്. 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. 12 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പെടെയുള്ള 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
ഇന്നലെ രാത്രി ഉണ്ടായ വ്യോമാക്രമണത്തില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ആളുകള്‍ കൂടുങ്ങിക്കിടക്കുന്നു. ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ 45 ശതമാനം കെട്ടിടങ്ങള്‍ തകര്‍ന്നു. 219 സ്‌കൂളുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. 14 ലക്ഷം പേര്‍ അഭയാര്‍ത്ഥികളായി. 101 ആരോഗ്യ പ്രവര്‍ത്തകര്‍ ഇതുവരെ കൊല്ലപ്പെട്ടു.