
അവശ്യവസ്തുക്കളുമായി ഗാസയിലേക്ക് പുറപ്പെട്ട കപ്പല്‍ തടഞ്ഞ് ഇസ്രായേല്‍
പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യുന്‍ബെര്‍ഗ് ഗാസാ മുനമ്പിലേക്ക് അവശ്യവസ്തുക്കളുമായി പോയ മദ്‌ലീന്‍ എന്ന കപ്പല്‍ തടഞ്ഞ് ഇസ്രയേല്‍ സൈന്യം. ഗ്രെറ്റ ത്യുന്‍ബെ ഉള്‍പ്പെടെ 12 സന്നദ്ധപ്രവര്‍ത്തകരെയും കപ്പലില്‍ തടഞ്ഞുവെച്ചിട്ടുണ്ട്. കപ്പല്‍ ഇസ്രയേല്‍ കസ്റ്റഡിയിലെടുത്തു. കപ്പലുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു.
കപ്പല്‍ തടയുമെന്നും ആക്റ്റിവിസ്റ്റുകളെ തിരിച്ചയക്കുമെന്നും ഇസ്രായേല്‍ സേന മുന്നറിയിപ്പ് നല്‍കിയിരുന്നു. യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമായ റിമ ഹസ്സന്‍, ഗെയിം ഓഫ് ത്രോണ്‍സിലെ നടന്‍ ലിയാം കണ്ണിംഗ്ഹാം ഉള്‍പ്പെടെ 12 അന്താരാഷ്ട്ര പ്രവര്‍ത്തകരാണ് യാത്രയില്‍ ഗ്രെറ്റയ്‌ക്കൊപ്പം ഉണ്ടായിരുന്നത്.
ജൂണ്‍ ഒന്നാം തീയതിയാണ് കപ്പല്‍ ഇറ്റലിയിലെ കറ്റാനിയ തീരത്തെ സിസിലി തുറമുഖത്തുനിന്ന് ഗാസ ലക്ഷ്യമാക്കി പുറപ്പെട്ടത്. ഫ്രീഡം ഫ്‌ലോട്ടില്ല കൊയിലിഷന്‍ എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ഇത്. രണ്ടാംവട്ടമാണ് ഗാസയിലേക്ക് സഹായമെത്തിക്കാന്‍ ഫ്രീഡം ഫ്‌ലോട്ടില്ല കൊയിലിഷന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നത്. ആദ്യ ശ്രമത്തില്‍ കപ്പലില്‍ ഡ്രോണ്‍ പതിക്കുകയും കപ്പലിന്റെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു.


