TMJ
searchnav-menu
post-thumbnail

TMJ Daily

ലെബനന് നേരെ കടുത്ത ആക്രമണവുമായി ഇസ്രായേല്‍, ഒറ്റദിവസം കൊല്ലപ്പെട്ടത് 35 കുട്ടികളടക്കം 492 പേര്‍

24 Sep 2024   |   2 min Read
TMJ News Desk

സ്രായേല്‍ നടത്തിയ ലെബനന്‍ ആക്രമണത്തില്‍ ഒറ്റദിവസം 35 കുട്ടികളും 39 സ്ത്രീകളും ഉള്‍പ്പടെ 492 പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ നടത്തിയ വ്യോമാക്രമണത്തിലാണ് ഇത്രയും ലെബനീസ് പൗരരെ ഇസ്രായേല്‍ കൊലപ്പെടുത്തിയത്. 

ആയിരക്കണക്കിന് ലെബനീസുകാര്‍ പലായനം ചെയ്തു. 2006 ലെ ഇസ്രായേല്‍-ഹിസ്ബുള്ള യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പലായനമാണ് ഇന്ന് കണ്ടത്. പലായനം നടത്തുന്നവര്‍ ബെയ്‌റൂട്ടിലേക്ക് പോകുന്ന കാറുകള്‍ കൊണ്ട് തെക്കന്‍ തുറമുഖ നഗരമായ സിഡോണില്‍ നിന്നുള്ള പ്രധാന ഹൈവേ തടസ്സപ്പെട്ടു. ഹിസ്ബുള്ളയ്ക്കെതിരായ വ്യോമാക്രമണം വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി തെക്കന്‍, കിഴക്കന്‍ ലെബനനിലെ താമസക്കാർ  ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. 

ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതിന്റെ ഭാഗമായി ഇസ്രായേല്‍ സൈന്യം തിങ്കളാഴ്ച 300 സ്ഥലങ്ങള്‍ ആക്രമിച്ചു. തെക്ക്, കിഴക്കന്‍ ബെക്കാ താഴ്വരയിലെ പട്ടണങ്ങളിലെ ജനവാസ മേഖലകളില്‍ ആക്രമണം ഉണ്ടായി. ബെയ്‌റൂട്ടിന് വടക്ക് അതിര്‍ത്തിയില്‍ നിന്ന് 80 മൈലിലധികം അകലെ, മധ്യ ലെബനനിലെ ബൈബ്ലോസ് വരെ ദൂരെയുള്ള വനപ്രദേശത്തും വ്യോമാക്രമണം നടന്നു.

തെക്കന്‍ ലെബനനിലെ 300ലധികം സൈറ്റുകള്‍ ലക്ഷ്യമിട്ടതിന് ശേഷം ലെബനന്റെ കിഴക്കന്‍ അതിര്‍ത്തിയിലുള്ള ബെക്കാ താഴ്വരയുടെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി വ്യോമാക്രമണം വിപുലീകരിക്കുകയാണെന്ന് ഇസ്രായേല്‍ അറിയിച്ചു.

ലെബനനില്‍ നടന്ന പേജര്‍, വാക്കി-ടോക്കി സ്ഫോടന പരമ്പരകള്‍ക്ക് പിന്നാലെ ഇസ്രായേല്‍ വ്യോമാക്രമണവും നടത്തിയിരുന്നു. ഇതില്‍ ഹിസ്ബുള്ള കമാന്‍ഡറടക്കം നിരവധി പേര്‍ കൊല്ലപ്പെടുകയും അനവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് തിരിച്ചടിയെന്നോണം കഴിഞ്ഞ ദിവസം ഹിസ്ബുള്ള ഇസ്രായേലിലേക്ക് നൂറിലേറെ റോക്കറ്റാക്രമണം നടത്തി. ആക്രമണ ശേഷം ഇസ്രായേലുമായുള്ള തുറന്ന യുദ്ധത്തിന്റെ തുടക്കമാണിതെന്ന് ഹിസ്ബുള്ള നേതാവ് നയിം കാസെം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഇസ്രായേല്‍ അതിശക്തമായ വ്യോമാക്രമണം ലെബനന് മേല്‍ നടത്തിയത്. 

''ലെബനനിലെ ഇസ്രായേല്‍ ആക്രമണം ഈ പ്രദേശത്തെ മുഴുവന്‍ സംഘര്‍ഷത്തിലേക്ക്  വലിച്ചിഴക്കാനുള്ള ശ്രമങ്ങളില്‍ പുതിയ ഘട്ടമാണെന്ന്,'' തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.അതിനിടെ, ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനി ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയുടെ ഭാഗമായി എത്തിയ അറബ് നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു. ലെബനനിലെ ജനങ്ങള്‍ക്ക് നേരെയുള്ള സയണിസ്റ്റ് [ഇസ്രായേല്‍] ആക്രമണം സംബന്ധിച്ച അനന്തരഫലങ്ങള്‍ അവലോകനം ചെയ്യാനും അവരുടെ ക്രിമിനല്‍ പെരുമാറ്റം അവസാനിപ്പിക്കാന്‍ സംയുക്തമായി പ്രവര്‍ത്തിക്കാനും അറബ് പ്രതിനിധികളുടെ നേതാക്കളുടെ അടിയന്തര യോഗം വിളിക്കാനും പ്രവര്‍ത്തിക്കാനും ഇറാഖ് ആവശ്യപ്പെടുന്നതായി അല്‍ സുഡാനി പറഞ്ഞു.


#Daily
Leave a comment