PHOTO: WIKI COMMONS
ഇറാനെതിരെ പ്രത്യാക്രമണത്തിനൊരുങ്ങി ഇസ്രയേല്‍; അനുനയ ശ്രമങ്ങളുമായി സഖ്യകക്ഷികള്‍
ഇറാനെതിരെ പ്രത്യാക്രമണത്തിന് ഒരുങ്ങുന്നതായി ഇസ്രയേല്‍ സൈനിക മേധാവി. തിരിച്ചടിയുടെ സ്വഭാവവും വ്യാപ്തിയും നിര്‍ണയിച്ചിട്ടില്ലെന്നും നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും അയച്ച് ആക്രമണം നടത്തിയ ഇറാനെ വെറുതെ വിടില്ലെന്നും സൈനിക മേധാവി റവ് അലുഫ് ഹെര്‍സി ഹലേവി പറഞ്ഞു.
ശനിയാഴ്ചയാണ് ഇസ്രയേലിനെതിരെ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ ഇറാന്‍ നടത്തിയത്. ഇസ്രയേലിലേക്ക് ഇറാന്‍ തൊടുത്ത മുന്നൂറിലധികം ആയുധങ്ങളുടെ 99 ശതമാനവും ഇസ്രയേലും സഖ്യകക്ഷികളും ചേര്‍ന്ന് വെടിവച്ചിട്ടിരുന്നു. ആക്രമണത്തില്‍ ഒരു പെണ്‍കുട്ടിക്ക് പരുക്കേറ്റത് ഒഴിച്ചാല്‍ ഇസ്രയേലിന് കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഏപ്രില്‍ ഒന്നിന് സിറിയയിലെ ഇറാനിയന്‍ എംബസിക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ സൈനിക കമാന്‍ഡര്‍മാര്‍ അടക്കം 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിന്റെ സൈനിക പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇസ്രയേല്‍ യുദ്ധമന്ത്രിസഭ നാല് തവണയാണ് യോഗം ചേര്‍ന്നത്. ഇറാനുമായി യുദ്ധം വേണ്ടെന്നും സംഘര്‍ഷം ശക്തമാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കിയിരുന്നു.
അനുനയിപ്പിച്ച് സഖ്യകക്ഷികള്‍
ഇറാനെതിരെ സംഘര്‍ഷം ശക്തമാക്കുന്ന നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ട് പാശ്ചാത്യ രാജ്യങ്ങള്‍. സംഘര്‍ഷ സാധ്യത ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് ജി7 നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം, സംയമനം പാലിച്ചില്ലെങ്കില്‍ പശ്ചിമേഷ്യ മുഴുവന്‍ യുദ്ധത്തിന്റെ പിടിയിലാകുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് മുന്നറിയിപ്പ് നല്‍കി. 33,000 ത്തിലധികം പേര്‍ കൊല്ലപ്പെട്ട ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും യുഎന്‍ രക്ഷാസമിതി യോഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
കപ്പലില്‍ കുടുങ്ങിയ മലയാളി യുവതി സുരക്ഷിത
ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതി ആന്റസ ജോസഫ് കുടുംബവുമായി വീഡിയോ കോളിലൂടെ സംസാരിച്ചതായി പിതാവ് ബിജു എബ്രഹാം അറിയിച്ചു. ഇന്നലെ രാത്രിയാണ് ആന്റസ കുടുംബവുമായി സംസാരിച്ചത്. തൃശൂര്‍ സ്വദേശിനിയാണ് ആന്റസ. ട്രെയിനിങിന്റെ ഭാഗമായി ഒമ്പത് മാസമായി കപ്പലില്‍ ജോലി ചെയ്ത് വരികയായിരുന്നു.
ഫോര്‍മുസ് കടലിടുക്കില്‍ നിന്നാണ് ഇസ്രയേലിന്റെ അധീനതയിലുള്ള കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നതെന്നായിരുന്നു പ്രാഥമികമായി ലഭിച്ച വിവരം. പിന്നീടാണ് ആന്റസ കൂടി കപ്പലില്‍ ഉള്ള വിവരം ലഭിച്ചത്. മോചനത്തിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്.