TMJ
searchnav-menu
post-thumbnail

എലി കോഹന്‍ | PHOTO: PTI

TMJ Daily

യുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് ഇസ്രയേല്‍; സാമ്പത്തിക തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് റിപ്പോര്‍ട്ട്

14 Dec 2023   |   2 min Read
TMJ News Desk

ലോകരാജ്യങ്ങളുടെ പിന്തുണയുണ്ടെങ്കിലും ഇല്ലെങ്കിലും ഹമാസിനെതിരായ യുദ്ധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി എലി കോഹന്‍ വ്യക്തമാക്കി. ഗാസയില്‍ വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്തുകൊണ്ട് ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കിയ പശ്ചാത്തലത്തിലാണ് ഇസ്രയേലിന്റെ പ്രതികരണം. 

193 അംഗരാജ്യങ്ങളില്‍ ഇന്ത്യയടക്കം 153 രാജ്യങ്ങളും പ്രമേയത്തെ കഴിഞ്ഞദിവസം പിന്തുണച്ചു. അമേരിക്ക, ഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള 10 രാജ്യങ്ങള്‍ പ്രമേയത്തിനെതിരെ വോട്ടുചെയ്തപ്പോള്‍ ബ്രിട്ടണ്‍, ജര്‍മനി തുടങ്ങിയ 23 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ഉണ്ടായത്. 

ജനജീവിതം ദുസ്സഹമാകുന്നു

സൈനിക നടപടി എഴുപത് ദിവസങ്ങളിലേക്ക് കടക്കുന്ന പശ്ചാത്തലത്തില്‍ ഗാസയിലെ ജനജീവിതം കൂടുതല്‍ ദുഷ്‌കരമായതായി യുഎന്‍ വ്യക്തമാക്കുന്നു. ലോകംകണ്ട ഏറ്റവും വലിയ പലായനമാണ് വടക്കന്‍ ഗാസയില്‍ നിന്നും ഉണ്ടായതെന്നാണ് വിലയിരുത്തല്‍. വടക്കന്‍ ഗാസയില്‍ ഉണ്ടായിരുന്ന ജനങ്ങളില്‍ പകുതിയും തെക്കന്‍ ഗാസയിലെ റഫയില്‍ എത്തിയതായാണ് യുഎന്‍ വ്യക്തമാക്കുന്നത്. 

ഹമാസിന്റെ ഇടപെടലിനെ തുടര്‍ന്ന് ഗാസയിലെ ജനങ്ങള്‍ക്ക് ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നാണ് യുഎന്‍ വിശദീകരിക്കുന്നത്. ദുരിതാശ്വാസ സാധനങ്ങളുടെ ചെറിയൊരളവ് മാത്രമേ ഗാസയിലേക്ക് എത്തുന്നുള്ളൂ. പത്തില്‍ ഒരാള്‍ക്കു മാത്രമേ ദിവസവും വെള്ളവും ഭക്ഷണവും ലഭിക്കുന്നുള്ളൂവെന്നും യുഎന്‍ ചൂണ്ടിക്കാട്ടുന്നു. 

സാമ്പത്തിക മേഖലയെ തകര്‍ക്കും 

ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം അറബ് രാജ്യങ്ങളെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് യുഎന്‍ ഏജന്‍സിയുടെ പഠനറിപ്പോര്‍ട്ട്. ലെബനന്‍, ജോര്‍ദാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളെയായിരിക്കും പ്രതിസന്ധി രൂക്ഷമായി ബാധിക്കുക. 10 ബില്യന്‍ ഡോളറിന്റെയെങ്കിലും നഷ്ടമുണ്ടാകുമെന്നും ഇത് 2,30,000 ത്തില്‍ അധികം ആളുകളെ ദരിദ്രരാക്കുമെന്നുമാണ് പഠനം വ്യക്തമാക്കുന്നത്. 

മൂന്നു മാസത്തില്‍ കൂടുതല്‍ യുദ്ധം നീണ്ടുനില്‍ക്കുകയാണെങ്കില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നും പഠനത്തില്‍ പറയുന്നു. യുദ്ധം പലസ്തീന്‍ ജനതയുടെ വിനാശത്തിനു കാരണമാകുന്നതുപോലെ അതിര്‍ത്തിയിലുള്ള അറബ് രാജ്യങ്ങളെയും ബാധിക്കും. 

സഹായഹസ്തവുമായി ഖത്തര്‍ റെഡ്ക്രസന്റ്

രണ്ടുമാസമായി തുടരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഗാസയിലേക്ക് അടിയന്തര സഹായമെത്തിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി. ഒന്നാംഘട്ടമെന്ന നിലയില്‍ രണ്ടരലക്ഷത്തിലധികം അഭയാര്‍ത്ഥികള്‍ക്കായി 35 ലക്ഷം ഡോളറാണ് വകയിരുത്തിയിരിക്കുന്നത്. 

ഗാസയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഖത്തര്‍ സഹായ വിമാനങ്ങള്‍ അയയ്ക്കുന്നത് പതിവായതോടെ ദോഹയിലെ ആസ്ഥാനവും ഗാസയിലെ കാര്യാലയവും വഴി പലസ്തീന്‍ ജനതയ്ക്ക് പിന്തുണ നല്‍കാനും അടിയന്തര സഹായമെത്തിക്കാനുള്ള ശ്രമങ്ങളും റെഡ് ക്രസന്റ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഖത്തര്‍ ഡെവലപ്‌മെന്റ് ഫണ്ട്, ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി, ഖത്തര്‍ ചാരിറ്റി എന്നിവ സംയുക്തമായി 16 ടണ്‍ സഹായസാമഗ്രികള്‍ മൂന്നു ദുരിതാശ്വാസ വിമാനങ്ങളില്‍ അല്‍ അരീഷിലേക്ക് അയച്ചതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


#Daily
Leave a comment