PHOTO | WIKI COMMONS
ഇസ്രയേല്‍ ആക്രമണം ശക്തം: ഗാസയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 63 പേര്‍
ഇസ്രയേല്‍ ആക്രമണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 63 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും 45 പേര്‍ക്ക് പരുക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തെക്കന്‍ ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങിയ ശേഷം മെഡിക്കല്‍ മേഖലയിലുണ്ടായ നാശനഷ്ടങ്ങള്‍ സങ്കല്പങ്ങള്‍ക്ക് അതീതമാണെന്ന് ലോകാരോഗ്യ സംഘടന പ്രതികരിച്ചു. വടക്കന്‍ ഗാസയില്‍ ആളുകള്‍ കടുത്ത ക്ഷാമം അനുഭവിക്കുന്നുവെന്ന യുഎന്‍ റിപ്പോര്‍ട്ടിനോട് യോജിക്കുന്നതായി യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് മേധാവി സമാന്ത പവര്‍ കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞത് ശ്രദ്ധേയമായിരുന്നു. വിഷയത്തില്‍ വൈറ്റ് ഹൗസ് മൃദുവായ നിലപാട് സ്വീകരിച്ചത് വിമര്‍ശിക്കപ്പെട്ടിരുന്നു.
ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയേയുടെ മൂന്ന് മക്കള്‍ കൊല്ലപ്പെട്ടു
വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയേയുടെ മൂന്ന് മക്കള്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ തന്റെ മക്കളായ ഹസീം, അമീര്‍, മുഹമ്മദ് എന്നിവരും മൂന്ന് പേരക്കുട്ടികളും മരിച്ചതായി ഹമാസ് നേതാവ് അറിയിക്കുകയായിരുന്നു. ഈദ് ദിനത്തില്‍ ഷാതി അഭയാര്‍ത്ഥി ക്യാമ്പില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ സമയത്താണ് ഇസ്രയേല്‍ ആക്രമണം ഉണ്ടായത്. പലസ്തീനികളുടെ വീടുകളെയും കുടുംബത്തെയും ലക്ഷ്യംവച്ചാല്‍ ഹമാസ് പിന്നോട്ട് പോകില്ലെന്ന് ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ചുകൊണ്ട് ഹനിയേ പ്രതികരിച്ചു. ഇസ്രയേലിന്റേത് ക്രിമിനില്‍ പ്രതികാര മനോഭാവമാണെന്നും യാതൊരു തരത്തിലുള്ള മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കാതെയുള്ള വംശഹത്യയുടെ യുദ്ധമാണിപ്പോള്‍ നടക്കുന്നതെന്നും ഹമാസ് നേതാവ് പറഞ്ഞു.
പ്രത്യാശ അവസാനിച്ചിട്ടില്ലെന്ന് ഹമാസ് നേതാവ്
രക്തസാക്ഷികളുടെ രക്തവും പരുക്കേറ്റ മനുഷ്യരുടെ വേദനയും പ്രത്യാശയെ ദൃഢപ്പെടുത്തുന്നുവെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യമാണ് ലക്ഷ്യമെന്നും ഹമാസ് നേതാവ് പറഞ്ഞു. യുദ്ധത്തിന്റെ തുടക്കം മുതല്‍ തന്നെ തന്റെ കുടുംബത്തിലെ അറുപതോളം അംഗങ്ങളെ ഇസ്രയേല്‍ കൊലപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഹനിയേയുടെ പ്രതികരണം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗാസ മുനമ്പിന്റെ മധ്യഭാഗത്ത് നിലയുറപ്പിച്ച ഹമാസ് സൈനികര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് കൊലപാതകത്തെക്കുറിച്ച് ഇസ്രയേല്‍ പ്രതികരിച്ചത്.