PHOTO: PTI
ഹമാസിന്റെ തുരങ്കത്തില്‍ ബന്ദികളുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രയേല്‍
ഒക്ടോബര്‍ ഏഴിന് ഹമാസ് തടവിലാക്കിയ അഞ്ചു ബന്ദികളുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രയേല്‍ സൈന്യം വെളിപ്പെടുത്തി. ഗാസ സിറ്റിയിലെ ഹമാസ് നിര്‍മ്മിത തുരങ്കത്തില്‍ നിന്നാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സ് എക്‌സില്‍ പങ്കുവെച്ചു. കൊല്ലപ്പെട്ട സിവ് ഡാഡോ, ഈദന്‍ സക്കറിയ, റോണ്‍ ഷെര്‍മാന്‍, നിക് ബെയ്‌സര്‍, എലൈ ടോള്‍ഡാനോ എന്നിവരുടെ മൃതദേഹങ്ങള്‍ ഇസ്രയേലിലേക്ക് എത്തിച്ചതായി സൈന്യം വ്യക്തമാക്കി. കൊല്ലപ്പെട്ടവര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുന്നതിന്റെ വീഡിയോയും ഇസ്രയേല്‍ സൈന്യം എക്‌സില്‍ പോസ്റ്റ് ചെയ്തു.
യുദ്ധം തുടരും; സമ്മര്‍ദ്ദമില്ലെന്ന് നെതന്യാഹു
പരമാധികാരമുള്ള രാജ്യമാണ് ഇസ്രയേല്‍, ഗാസയില്‍ തുടരുന്ന യുദ്ധത്തില്‍ യുഎസിന്റെ ഭാഗത്തുനിന്നും ഒരു സമ്മര്‍ദ്ദവുമില്ല. വിജയത്തിലെത്തുന്നതുവരെ ഇസ്രയേല്‍ യുദ്ധം തുടരുമെന്ന് യു. എസ് പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചിട്ടുണ്ട് എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്നലെ വ്യക്തമാക്കി.
ഞായറാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗാസയില്‍ 60 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഹമാസിന്റെ ശക്തികേന്ദ്രങ്ങളായി കണക്കാക്കുന്ന ഗാസ സിറ്റിയിലും ഖാന്‍ യൂനിസിലുമാണ് ഇസ്രയേല്‍ സൈന്യം ആക്രമണം ശക്തമാക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 20,057 ത്തിലധികം മനുഷ്യരാണ് ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടത്. 23 ലക്ഷം നിവാസികളില്‍ 90 ശതമാനത്തിലേറെയും കുടിയൊഴിപ്പിക്കപ്പെട്ടു. എന്നാല്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഖാന്‍ യൂനിസും റഫയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ശക്തമായ ബോംബാക്രമണം ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.