Yov Gallant | PHOTO: PTI
ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടമായതായി ഇസ്രയേല്‍; സംസ്‌കരിക്കാനാകാതെ മൃതദേഹങ്ങള്‍
വടക്കന്‍ ഗാസയുടെ മേല്‍ ഹമാസിനുണ്ടായ നിയന്ത്രണം നഷ്ടമായതായി ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്. 'ഗാസയിലെ ഹമാസ് ഭരണകേന്ദ്രം ഇസ്രയേല്‍ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. ഗാസയുടെ നിയന്ത്രണം അവര്‍ക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. വടക്കന്‍ ഗാസ വിട്ട് ഹമാസ് തെക്കോട്ട് പലായനം ചെയ്യുകയാണ്. അവരുടെ ഭരണകേന്ദ്രങ്ങള്‍ ജനം കൈയ്യേറി കൊള്ളയടിക്കുകയാണ്. ഹമാസ് മുന്‍ ഇന്റലിജന്‍സ് തലവന്‍ മുഹമ്മദ് ഖാമിസിനെ വധിച്ചതായും ഹമാസിന്റെ മിസൈല്‍ ആക്രമണ സംവിധാനത്തിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ച യാഖൂബ് അസറും കൊല്ലപ്പെട്ടതായി ഇസ്രയേല്‍ ടെലിവിഷന്‍ ചാനലുകളില്‍ വന്ന വീഡിയോയില്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു.
ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധമാണ് ഗാസയില്‍ ഒരുമാസമായി നടന്നുകൊണ്ടിരിക്കുന്നത്. ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലില്‍ ആക്രമണം നടത്തിയ ഹമാസ് ഏകദേശം 1,200 ആളുകളെ കൊന്നൊടുക്കുകയും 240 ഓളം പേരെ ബന്ദികളാക്കുകയും ചെയ്തു. തുടര്‍ന്ന് ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ പലസ്തീനില്‍ ഇതുവരെ 11,000 പേര്‍ കൊല്ലപ്പെട്ടു.
ആശുപത്രികള്‍ സംരക്ഷിക്കപ്പെടണം
ഗാസയിലെ ആശുപത്രികള്‍ സംരക്ഷിക്കപ്പെടണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഗാസയിലെ പ്രധാന ആശുപത്രികള്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം ആക്രമണം കടുപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ബൈഡന്റെ പ്രസ്താവന. ഗാസയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം നിലച്ച് ഇന്‍കുബേറ്ററില്‍ കഴിഞ്ഞിരുന്ന കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ മരണത്തിന് കീഴടങ്ങവെയാണ് ബൈഡന്‍ പ്രസ്താവന ഇറക്കിയത്.
മൃതദേഹങ്ങള്‍ അഴുകുന്നു
ആക്രമണത്തില്‍ കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കഴിയാതെ ആശുപത്രി വളപ്പില്‍ ചീഞ്ഞളിയുന്നതായി റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ തെരുവുനായ്ക്കള്‍ കടിച്ചുവലിക്കുകയാണെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുനീര്‍ അല്‍ ബുര്‍ശ് പറഞ്ഞു. കഴിഞ്ഞ മൂന്നുദിവസമായി ആളുകള്‍ക്ക് ആശുപത്രിയില്‍ നിന്ന് പുറത്തുപോകാനോ ആശുപത്രിക്ക് അകത്തേക്ക് പ്രവേശിക്കാനോ സാധിക്കുന്നില്ല. രോഗികള്‍ക്ക് പുറമെ ആയിരക്കണക്കിന് പലസ്തീന്‍ ജനതയുടെ അഭയകേന്ദ്രം കൂടിയാണ് ഗാസയിലെ അല്‍ ഷിഫ ആശുപത്രി.