
ഹിസ്ബുല്ല നേതാവ് നസ്രള്ള കൊല്ലപ്പെട്ടതായി ഇസ്രായേൽ; വാർത്ത സ്ഥിരീകരിക്കാതെ ഹിസ്ബുല്ല
ലെബനനിൽ നടത്തുന്ന തുടര്‍ച്ചയായ വ്യോമാക്രമണങ്ങളില്‍ ഹിസ്ബുല്ല നേതാവ് സയ്യദ് ഹസ്സന്‍ നസ്രള്ള കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം. എന്നാൽ ഹിസ്ബുല്ല ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഹിസ്ബുല്ലയുടെ കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്സ് തകര്‍ത്തതായും ഇസ്രായേല്‍ അവകാശപ്പെട്ടു. ലെബനനിലും മിഡിൽ ഈസ്റ്റിലുടനീളം വിപുലമായ സ്വാധീനം ഉണ്ടായിരുന്ന നേതാവാണ് നസ്രള്ള. മൂന്ന് ദശകത്തോളം ഹിസ്ബുല്ല നയിച്ച കാലയളവിൽ മിഡിൽ ഈസ്റ്റിലുടനീളം സ്വാധീനമുറപ്പിച്ച പ്രാദേശിക ശക്തിയായി ഹിസ്ബുല്ല വളർന്നു. അദ്ദേഹത്തെ പിഎൽഒ നേതാവ് യാസർ അറാഫത്ത്, ഈജിപ്ഷ്യൻ പ്രസിഡൻ്റ് ഗമാൽ അബ്ദുൽ നാസർ എന്നിവരെ പോലെ പലരും അംഗീകരിച്ചിരുന്നു.
നസ്രള്ളയടക്കമുള്ള ഹിസ്ബുല്ല ഉന്നത നേതൃത്വവുമായുള്ള വാര്‍ത്ത വിനിമയ ബന്ധങ്ങള്‍ വെള്ളിയാഴ്ച മുതല്‍ മുടങ്ങിയതായി ചില റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തി. ശനിയാഴ്ച്ച അതിരാവിലെ മുതല്‍ അഞ്ചു മണിക്കൂര്‍ നീണ്ടു നിന്ന വ്യോമാക്രമണമാണ് ഇസ്രായേല്‍ അഴിച്ചുവിട്ടത്. ലെബനണില്‍ ആക്രമണം രൂക്ഷമാക്കുന്നതിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇസ്രായേലില്‍ തിരിച്ചെത്തി.
തെക്കന്‍ ബെയ്റൂട്ടിലെ പാര്‍പ്പിട മേഖലകളാണ് ഇസ്രായേല്‍ ആക്രമണങ്ങള്‍ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ആക്രമണങ്ങളില്‍ നിരവധി വീടുകള്‍ തകര്‍ന്നതായും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരം മുതല്‍ ആക്രമണങ്ങള്‍ കടുത്തതോടെ നിരവധി പേര്‍ തങ്ങളുടെ പാര്‍പ്പിടങ്ങള്‍ ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതരായി. വീടുകള്‍ ഉപേക്ഷിച്ചവര്‍ പാര്‍ക്കുകളിലും കടല്‍ത്തീരത്തുമെല്ലാം തമ്പടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ലെബനനിൽ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതു വരെ 700 പേര്‍ കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ 41,534 പേര്‍ കൊല്ലപ്പെട്ടതായും 96,000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റതായും കണക്കാക്കപ്പെടുന്നു.