
ഹമാസ് മിലിട്ടറി കമാന്‍ഡര്‍ മുഹമ്മദ് ഡീഫിനെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍
ഹമാസ് മിലിട്ടറി കമാന്‍ഡര്‍ മുഹമ്മദ് ഡീഫിനെ കൊലപ്പെടുത്തിയതായി സ്ഥിരീകരിച്ച് ഇസ്രയേല്‍. തെക്കന്‍ ഗാസയില്‍ ജൂലൈ 13 ന് നടത്തിയ വ്യോമാക്രമണത്തിലാണ് മുഹമ്മദ് ഡീഫ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അറിയിച്ചു. ഒക്ടോബര്‍ 7 ന് നടന്ന ആക്രമണം ആസൂത്രണം ചെയ്തത് മുഹമ്മദ് ഡീഫാണെന്ന് ഇസ്രയേല്‍ ആരോപിച്ചു. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസില്‍ ഉണ്ടായ ഈ ആക്രമണത്തില്‍ തൊണ്ണൂറിലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഗാസ ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.
ഇസ്മായില്‍ ഹനിയെയുടെ മരണം
ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയെ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മുഹമ്മദ് ഡീഫിന്റെ മരണം ഇസ്രയേല്‍ സ്ഥിരീകരിക്കുന്നത്. ഇസ്മായില്‍ ഹനിയെയുടെ മരണത്തിന് പിന്നാലെ ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്‍ നേതാവ് ആയത്തുല്ല അലി ഖമനയി ഉത്തരവിട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെഹ്റാനിലെ വസതിക്കുള്ളില്‍ വച്ചാണ് ഹനിയെ വെടിയേറ്റ് കൊല്ലപ്പെട്ടത്. വെടിവയ്പില്‍ ഇസ്മയില്‍ ഹനിയെയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടിരുന്നു. ഹമാസ് ടെലിഗ്രാം അക്കൗണ്ടിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്. സംഭവത്തില്‍ ഇസ്രയേല്‍ പ്രതികരിച്ചിരുന്നില്ല.
2017 മുതല്‍ ഹമാസ് തലവനാണ് ഇസ്മയില്‍ ഹനിയെ. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറാന്‍ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ തെഹ്റാനിലെത്തിയതായിരുന്നു ഇസ്മായില്‍ ഹനിയെ. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7ന്, ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഹനിയയെ വധിക്കുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിരുന്നു. ആക്രമണത്തിന് ശേഷം ഹനിയെയുടെ കുടുംബാംഗങ്ങള്‍ ഗാസയില്‍ കൊല്ലപ്പെട്ടിരുന്നു. ഏപ്രില്‍ 10 ന് പെരുന്നാള്‍ ദിനത്തില്‍ ഹനിയെയുടെ മൂന്ന് മക്കളും നാല് പേരമക്കളും കൊല്ലപ്പെട്ടിരുന്നു.