PHOTO: PTI
സ്വന്തം പൗരന്മാരെ വെടിവച്ചുകൊന്ന് ഇസ്രയേല്‍; നടപടി ഹമാസ് പോരാളികളെന്ന് തെറ്റിദ്ധരിച്ച്
ഗാസയില്‍ മൂന്ന് ബന്ദികളെ അബദ്ധത്തില്‍ വെടിവച്ചുകൊന്നുവെന്ന ഇസ്രയേല്‍ സൈന്യത്തിന്റെ വെളിപ്പെടുത്തലില്‍ വ്യാപക പ്രതിഷേധം. ബന്ദികളുടെ ബന്ധുക്കളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ ആയിരങ്ങള്‍ പ്രതിരോധ മന്ത്രാലയത്തിലേക്ക് മാര്‍ച്ച് നടത്തി.
ഷെജയ്യയില്‍ നടന്ന ഏറ്റുമുട്ടലിനിടെ ഭീകരരെന്ന് തെറ്റിദ്ധരിച്ച് മൂന്ന് ഇസ്രയേലി ബന്ദികളെ ഇസ്രയേല്‍ സേന വധിച്ചു. തെറ്റിദ്ധാരണയുടെ പുറത്ത് സേന ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഇസ്രയേല്‍ സേനയുടെ പ്രസ്താവനയില്‍ പറയുന്നു. സംഭവം നടന്നയുടന്‍ തന്നെ അബദ്ധം തിരിച്ചറിഞ്ഞതായും ഇതുസംബന്ധിച്ച വിവരം യുദ്ധരംഗത്തുള്ള എല്ലാ ഐഡിഎഫ് ട്രൂപ്പുകളിലേക്കും കൈമാറിയതായും സേനയുടെ പ്രസ്താവനയില്‍ പറയുന്നു. ദുരന്തത്തില്‍ അഗാധമായ പശ്ചാത്താപം രേഖപ്പെടുത്തുന്നുവെന്നും സേന വ്യക്തമാക്കി.
രാജ്യത്തിന്റെ വലിയ ദുഃഖമാണിതെന്നും സംഭവിച്ച അബദ്ധത്തിന്റെ പേരില്‍ സൈന്യത്തെ കുറ്റപ്പെടുത്തരുതെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടു. പ്രതിഷേധം തണുപ്പിക്കുന്നതിനായി ബാക്കിയുള്ള ബന്ദികളെ നയതന്ത്ര നീക്കത്തിലൂടെ മാത്രമായിരിക്കും ഇനി മോചിപ്പിക്കുകയെന്നും സൈന്യം ബന്ധുക്കള്‍ക്ക് ഉറപ്പുനല്‍കി.
കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കഫര്‍ അസാ കിബുട്ട്‌സില്‍ നിന്നുള്ള യോട്ടം ഹെയിം, അലോണ്‍ ഷംറിസ്, നിര്‍ ആം കിബുട്ട്‌സില്‍ നിന്നുള്ള സമര്‍ എല്‍ തലാല്‍ഖയുമാണ് മരിച്ചത്. ഒക്‌ടോബര്‍ ഏഴിന് ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ 250 പേരെയാണ് ബന്ദികളാക്കിയത്. 1,400 ല്‍ അധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇസ്രയേല്‍ ഗാസയില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇതുവരെ 18,700 ല്‍ പരം ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
വ്യാപക പ്രതിഷേധം
ഹമാസിന്റെ തടവിലുള്ള മുഴുവന്‍ പേരെയും ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് ഇസ്രയേല്‍ തലസ്ഥാനമായ തെല്‍ അവീവില്‍ നടന്നത്. കാപ്ലാന്‍ ജംഗ്ഷനില്‍ റോഡ് ബ്ലോക്ക് ചെയ്ത പ്രതിഷേധക്കാര്‍ കിരയയിലെ ഇസ്രയേല്‍ പ്രതിരോധസേനയുടെ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. നമ്മുടെ സമയം തീരുകയാണെന്നും ബന്ദികളെ ഉടന്‍ തിരിച്ചെത്തിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അവസാനത്തെ ബന്ദിയും മോചിപ്പിക്കപ്പെടുന്നതുവരെ യുദ്ധത്തില്‍ വിജയമുണ്ടാവില്ലെന്നും അവര്‍ പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കണം
ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് ഇറാന്‍, സൗദി, ചൈന എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആവശ്യപ്പെട്ടു. മൂന്ന് രാജ്യങ്ങളിലെയും പ്രതിനിധികള്‍ ബീജിങില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഗാസയില്‍ നിന്നും പലസ്തീന്‍ വംശജരെ നിര്‍ബന്ധപൂര്‍വം കുടിയൊഴിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മൂന്നുരാജ്യങ്ങളും ആവശ്യപ്പെട്ടു. സ്വയം നിര്‍ണയ അവകാശമുള്ള പലസ്തീന്‍ രാഷ്ട്രമെന്ന പലസ്തീനികളുടെ അവകാശത്തെ പിന്തുണയ്ക്കുന്നതായും ഇറാനും സൗദിയും ചൈനയും സംയുക്തമായി അറിയിച്ചു.