തെക്കന്‍ ലെബനനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം; ഒമ്പത് പേര്‍ കൊല്ലപ്പെട്ടു
തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ ആയുധ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും രണ്ട് കുട്ടികളുമുണ്ടെന്നും അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ലെബനന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇസ്രയേല്‍ അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നബാത്തിഹ് പ്രദേശത്തെ ഹിസ്ബുള്ളയുടെ ആയുധ സംഭരണ കേന്ദ്രം ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം ടെലിഗ്രാം ചാനലിലൂടെ അറിയിച്ചു. നബാത്തിഹ് നഗരത്തിന് തെക്ക് 50 കിലോമീറ്റര്‍ അകലെയുള്ള മറൂണ്‍ അല്‍-റാസ്, ഐത അല്‍-ഷാബ് മേഖലകളിലെ കെട്ടിടങ്ങളും ഇസ്രയേല്‍ ആക്രമിച്ചിരുന്നു.
അതിര്‍ത്തി കടന്നുള്ള ഏറ്റുമുട്ടല്‍
ഒക്ടോബര്‍ 7 മുതല്‍ ആരംഭിച്ച ഗാസയ്‌ക്കെതിരായ ഇസ്രയേല്‍ ആക്രമണത്തില്‍ ഹമാസിനെ പിന്തുണച്ചുകൊണ്ട് ഹിസ്ബുള്ള ഇസ്രയേല്‍ സേനയുമായി ഏറ്റുമുട്ടുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള ഈ ഏറ്റുമുട്ടലുകളില്‍ ഇസ്രയേല്‍ സൈന്യം ലെബനനില്‍ 500 ലധികം പേരെ കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ സൈന്യത്തിന്റെ കണക്കുകള്‍ പ്രകാരം സൈനികര്‍ ഉള്‍പ്പെടെ 48 പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്ള നേതാവ് ഫുവാദ് ഷുക്കറിനെയും ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയെയും ഇസ്രയേല്‍ കൊലപ്പെടുത്തിയ ശേഷം പ്രത്യാക്രമണം പ്രഖ്യാപിച്ചിരിക്കുകയാണ് ഇറാനും ഹിസ്ബുള്ളയും.