ISMAIL HANIYEH | PHOTO: PTI
ഇസ്രയേല്‍ ആക്രമണം: ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയേയുടെ മൂന്ന് മക്കള്‍ കൊല്ലപ്പെട്ടു
വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയേയുടെ മൂന്ന് മക്കള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ തന്റെ മക്കളായ ഹസീം, അമീര്‍, മുഹമ്മദ് എന്നിവരും മൂന്ന് പേരക്കുട്ടികളും മരിച്ചതായി ഹമാസ് നേതാവ് പറഞ്ഞു. ഈദ് ദിനത്തില്‍ ഷാതി അഭയാര്‍ത്ഥി ക്യാമ്പില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തിയ സമയത്താണ് ഇസ്രയേല്‍ ആക്രമണം ഉണ്ടായത്. പലസ്തീനികളുടെ വീടുകളെയും കുടുംബത്തെയും ലക്ഷ്യംവച്ചാല്‍ ഹമാസ് പിന്നോട്ട് പോകില്ലെന്ന് ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ചുകൊണ്ട് ഹനിയേ പ്രതികരിച്ചു. ഇസ്രയേലിന്റേത് ക്രിമിനില്‍ പ്രതികാര മനോഭാവമാണെന്നും യാതൊരു തരത്തിലുള്ള മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കാതെയുള്ള വംശഹത്യയുടെ യുദ്ധമാണിപ്പോള്‍ നടക്കുന്നതെന്നും ഹമാസ് നേതാവ് പറഞ്ഞു.
പ്രത്യാശ അവസാനിച്ചിട്ടില്ലെന്ന് ഹമാസ് നേതാവ്
രക്തസാക്ഷികളുടെ രക്തവും പരുക്കേറ്റ മനുഷ്യരുടെ വേദനയും പ്രത്യാശയെ ദൃഢപ്പെടുത്തുന്നുവെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യമാണ് ലക്ഷ്യമെന്നും ഹമാസ് നേതാവ് പറഞ്ഞു. യുദ്ധത്തിന്റെ തുടക്കം മുതല്‍ തന്നെ തന്റ കുടുംബത്തിലെ അറുപതോളം അംഗങ്ങളെ ഇസ്രയേല്‍ കൊലപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഹനിയേയുടെ പ്രതികരണം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗാസ മുനമ്പിന്റെ മധ്യഭാഗത്ത് നിലയുറപ്പിച്ച ഹമാസ് സൈനികര്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് കൊലപാതകത്തെക്കുറിച്ച് ഇസ്രയേല്‍ പ്രതികരിച്ചത്.
നുസെറാത്ത് വ്യോമാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു
മധ്യ ഗാസയിലെ നുസെറാത്ത് ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് കുട്ടികളടക്കം 14 പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. പോഷകാഹാരക്കുറവ് ഏറ്റവും രൂക്ഷമായ ഗാസയുടെ വടക്ക് ഭാഗത്തേക്ക് ഈ മാസം ഭക്ഷണമെത്തിച്ച പകുതിയോളം വാഹനങ്ങള്‍ ഇസ്രയേല്‍ തടഞ്ഞതായി യുഎന്‍ ഹ്യുമനിറ്റേറിയന്‍ ഓഫീസും യുഎന്‍ആര്‍ഡബ്ല്യുഎയും കഴിഞ്ഞ ദിവസം അറിയിച്ചു.
അതേസമയം 1.4 ദശലക്ഷം പലസ്തീനികള്‍ അഭയം പ്രാപിക്കുന്ന തെക്കന്‍ ഗാസ നഗരമായ റഫയെ ആക്രമിക്കാന്‍ തീയതി നിശ്ചയിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. തെക്കന്‍ ഗാസ മുനമ്പില്‍ നിന്ന് കരസേനയെ പിന്‍വലിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു നെതന്യാഹുവിന്റെ പ്രഖ്യാപനം. ഒക്ടോബര്‍ 7 മുതല്‍ ഗാസയ്‌ക്കെതിരായ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 33,482 പലസ്തീനികള്‍ കൊല്ലപ്പെടുകയും 76,049 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.