ഗാസയിലെ രണ്ട് സ്‌കൂളുകളില്‍ കൂടി ഇസ്രയേല്‍ ആക്രമണം, കൊല്ലപ്പെട്ടവരില്‍ 80 ശതമാനം കുട്ടികളെന്ന് റിപ്പോര്‍ട്ട്
പലസ്തീന്‍ അഭയകേന്ദ്രങ്ങളായ രണ്ട് സ്‌കൂളുകളില്‍ കൂടി ആക്രമണം നടത്തി ഇസ്രയേല്‍. ഐക്യരാഷ്ട്രസഭയുടെ നിയന്ത്രണത്തിലുള്ള ഈ സ്‌കൂളുകളില്‍ 30 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പലസ്തീന്‍ സിവില്‍ ഡിഫന്‍സ് നല്‍കിയ വിവരമനുസരിച്ച് ഹസ്സന്‍ സലാമ, അല്‍-നസ്ര്‍ സ്‌കൂളുകളില്‍ ഞായറാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 80 ശതമാനവും കുട്ടികളാണ്. ഈ ആക്രമണത്തെ തുടര്‍ന്ന് പലസ്തീനികള്‍ മാറിതാമസിച്ച ഷെയ്ഖ് റദ്വാന്‍ പരിസരത്തുള്ള ഹമാമ സ്‌കൂളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഉടന്‍ തിരിച്ചടിയെന്ന് ഇറാന്‍
ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ ഇസ്രയേല്‍ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ഉടന്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. യുദ്ധാന്തരീക്ഷം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൗരന്മാരോട് ലബനന്‍ വിട്ടുപോകാന്‍ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയതിന് തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി പ്രഖ്യാപിച്ചിരുന്നു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും പ്രഖ്യാപനം ആവര്‍ത്തിച്ചിട്ടുണ്ട്.
കൊലപാതകം മൊസാദ് ആസൂത്രണത്തിലെന്ന് റിപ്പോര്‍ട്ട്
ഇസ്മായില്‍ ഹനിയെ താമസിച്ച ടെഹ്റാന്‍ ഗസ്റ്റ് ഹൗസില്‍ സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചത് മൊസാദ് നിയമിച്ച ഇറാനിയന്‍ സുരക്ഷാ ഏജന്റുമാരാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഇവര്‍ ഗസ്റ്റ് ഹൗസിലെ മൂന്ന് മുറികളിലായി ബോംബ് സ്ഥാപിച്ചുവെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥരാണ് അറിയിച്ചത്. ഇറാന്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത സമയത്ത് ഹനിയയെ കൊലപ്പെടുത്താന്‍ മൊസാദ് തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.