TMJ
searchnav-menu
post-thumbnail

TMJ Daily

കുട്ടികളുടെ അവകാശങ്ങളെ കുറിച്ചുള്ള കരാര്‍ ഇസ്രായേല്‍ ലംഘിച്ചു: യു എന്‍

20 Sep 2024   |   2 min Read
TMJ News Desk

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ആഗോള ഉടമ്പടിയുടെ ഗുരുതരമായ ലംഘനങ്ങള്‍ ഇസ്രായേല്‍ നടത്തിയതായി യുഎന്‍ സമിതി. ഗാസയിലെ സൈനിക നടപടികള്‍ അവരെ വിനാശകരമായി ബാധിച്ചുവെന്നും സമീപകാല ചരിത്രത്തിലെ ഏറ്റവും മോശമായ ലംഘനങ്ങളിലൊന്നാണിതെന്നും യു എന്‍ പറഞ്ഞു.

ഒക്ടോബര്‍ ഏഴിന് ഹമാസിന്റെ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇസ്രായേല്‍ സൈനിക ആക്രമണം ആരംഭിച്ചതിനുശേഷം ഗാസയില്‍ 41,000 പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ വകപ്പ് പറയുന്നു. ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 11,355 പേരെങ്കിലും കുട്ടികളാണെന്ന് പലസ്തീന്‍ ഡാറ്റ വ്യക്തമാക്കുന്നു. ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് പരിക്കേറ്റു.

'കുട്ടികളുടെ അതിക്രൂരമായ മരണം ചരിത്രപരമായി അപൂര്‍വ്വമായ സംഭവമാണ്. ഇത് ചരിത്രത്തിലെ അങ്ങേയറ്റം ഇരുണ്ട സ്ഥലമാണ്,' കമ്മിറ്റി വൈസ് ചെയര്‍ ബ്രാഗി ഗുഡ്ബ്രാന്‍ഡ്‌സണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ഇപ്പോള്‍ ഗാസയില്‍ കാണുന്നത് പോലെ, ഇത്രയും വലിയ ഒരു ലംഘനം ഞങ്ങള്‍ മുമ്പ് കണ്ടിട്ടില്ല. ഇവ നമ്മള്‍ പലപ്പോഴും കാണാത്ത അതീവ ഗുരുതരമായ ലംഘനങ്ങളാണ്,' അദ്ദേഹം പറഞ്ഞു.

1991-ല്‍ ഉടമ്പടി അംഗീകരിച്ച ഇസ്രായേല്‍, യു എന്‍ സമിതിക്ക് 'രാഷ്ട്രീയമായി നയിക്കുന്ന അജണ്ട' ഉണ്ടെന്ന് ആരോപിച്ചു. സെപ്തംബര്‍ ആദ്യം ജനീവയില്‍ നടന്ന യുഎന്‍ ഹിയറിംഗുകളുടെ പരമ്പരയിലേക്ക് വലിയ പ്രതിനിധി സംഘത്തെ അയച്ചു. അവിടെ അവര്‍ ഗാസയിലോ വെസ്റ്റ് ബാങ്കിലോ ഉടമ്പടി ബാധകമല്ലെന്നും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ മാനിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു. പലസ്തീനില്‍ ഹമാസ് ഭരണാധികാരികളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഗാസയിലെ തങ്ങളുടെ സൈനിക ആക്രമണമെന്നും സിവിലിയന്മാരെ ലക്ഷ്യം വയ്ക്കുന്നില്ലെന്നും തീവ്രവാദികള്‍ അവര്‍ക്കിടയില്‍ ഒളിച്ചിരിക്കുകയാണെന്നും ഇസ്രായേല്‍ ആരോപിച്ചു.അത് ഹമാസ് നിഷേധിക്കുന്നു.

ഹിയറിങ്ങില്‍ പങ്കെടുത്തതിന് ഇസ്രായേലിനെ കമ്മറ്റി പ്രശംസിച്ചുവെങ്കിലും 'ഇസ്രായേല്‍  നിയമപരമായ ബാധ്യതകള്‍ ആവര്‍ത്തിച്ച് നിരസിച്ചതില്‍ ഖേദിക്കുന്നു' എന്ന് പറഞ്ഞു. 1989 ലെ കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച കണ്‍വെന്‍ഷനുമായി രാജ്യങ്ങള്‍ പാലിക്കുന്നത് 18 അംഗ യു.എന്‍ കമ്മിറ്റി നിരീക്ഷിക്കുന്നു. അക്രമങ്ങളില്‍ നിന്നും മറ്റ് ദുരുപയോഗങ്ങളില്‍ നിന്നും അവരെ സംരക്ഷിക്കുന്നത്തിനായി വ്യാപകമായി അംഗീകരിക്കപ്പെട്ടതാണ് ഈ ഉടമ്പടി.യുദ്ധത്തില്‍ അംഗവൈകല്യം സംഭവിച്ചതോ പരിക്കേറ്റതോ ആയ ആയിരക്കണക്കിന് കുട്ടികള്‍ക്ക് അടിയന്തര സഹായം നല്‍കാനും അനാഥര്‍ക്ക് പിന്തുണ നല്‍കാനും ഗാസയില്‍ നിന്ന് കൂടുതല്‍ മെഡിക്കല്‍ ഒഴിപ്പിക്കലുകള്‍ അനുവദിക്കാനും കമ്മിറ്റി ഇസ്രായേലിനോട് ആവശ്യപ്പെട്ടു.

രാജ്യങ്ങള്‍ക്ക് പൊതുവെ ഈ കരാര്‍ അനുസരിക്കാന്‍ ഉത്തരവാദിത്വം ണ്ടെങ്കിലും യുഎന്‍ സമിതിക്കു അതിന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ മാര്‍ഗമില്ല. ഹിയറിംഗിനിടെ, യുഎന്‍ വിദഗ്ധര്‍ ഹമാസ് ബന്ദികളാക്കിയവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടെ, ഇസ്രായേലി കുട്ടികളെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ചോദിച്ചു, ഇതിനെല്ലാം ഇസ്രായേല്‍ പ്രതിനിധികള്‍ വിശദമായ മറുപടി നല്‍കി.


#Daily
Leave a comment