
ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നു; തടവുകാരെ വിട്ടയ്ക്കുന്നത് ഹമാസ് റദ്ദാക്കി
ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഹമാസ് ഇസ്രായേലി തടവുകാരെ വിട്ടയ്ക്കുന്നത് നിര്‍ത്തിവച്ചു. ശനിയാഴ്ച്ച തടവുകാരെ വിട്ടയ്ക്കാന്‍ തീരുമാനിച്ചിരുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വൈകിപ്പിക്കാന്‍ ഹമാസ് തീരുമാനിച്ചു.
അധിനിവേശ ശക്തികള്‍ മുന്‍ ബാധ്യതകള്‍ പാലിക്കുന്നത് വരെ തടവുകാരെ വിട്ടയ്ക്കുന്നത് നിര്‍ത്തിവയ്ക്കുന്ന കാര്യം ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സം ബ്രിഗേഡ്‌സിന്റെ വക്താവായ അബു ഒബെയ്ദയാണ് അറിയിച്ചത്.
ഇസ്രായേലും ഹമാസും തമ്മില്‍ ആറാഴ്ച്ചത്തെ വെടിനിര്‍ത്തലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിനിടെ തടവിലാക്കിയവരില്‍ അനവധി പേരെ ഈ വെടിനിര്‍ത്തല്‍ കഴിഞ്ഞ മൂന്നാഴ്ച്ചകളിലായി വിട്ടയച്ചിരുന്നു. കരാറിലെ വിവിധ നിബന്ധനകള്‍ ഇസ്രായേല്‍ ലംഘിച്ചുവെന്ന് അബു ഒബെയ്ദ പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളുടെ പരിശ്രമ ഫലമായിട്ടാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്.
വടക്കന്‍ ഗാസയില്‍ നിന്നും പലായനം ചെയ്തവരെ തിരിച്ചു വരാന്‍ അനുവദിക്കുന്നത് വൈകിക്കുക, ഗാസ മുനമ്പില്‍ വിവിധ പ്രദേശങ്ങളില്‍ വച്ച് അവരുടെ മേല്‍ ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തുക, ദുരിതാശ്വാസ വസ്തുക്കളെ തടയുക പോലുള്ള ലംഘനങ്ങള്‍ ഇസ്രായേല്‍ നടത്തിയെന്ന് ഹമാസ് ആരോപിക്കുന്നു. തങ്ങള്‍ എല്ലാ ബാധ്യതകളും നിറവേറ്റിയെന്നും ഹമാസ് പറഞ്ഞു.