
യുദ്ധ നിയമങ്ങള്‍ ലംഘിച്ച് ഇസ്രായേല്‍; ഗാസയില്‍ കൊല്ലപ്പെട്ടതില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളും
ഇസ്രായേല്‍ പലസ്തീനില്‍ നടത്തിയ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനം സ്ത്രീകളും കുട്ടികളുമാണെന്ന് ഐക്യരാഷ്ട്ര സംഘടന. എല്ലാ യുദ്ധനിയമങ്ങളും ലംഘിച്ചാണ് ഇസ്രയേലിന്റെ നരഹത്യയെന്നും യുഎന്‍ മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ 44 ശതമാനം ഇരകളാക്കപ്പെട്ടത് കുട്ടികളും 26 ശതമാനം സ്ത്രീകളുമാണ്. 80 ശതമാനം ആളുകളും കൊല്ലപ്പെട്ടത് ജനവാസ മേഖലകളിലുണ്ടായ ഇസ്രായേല്‍ ആക്രമണങ്ങളിലാണ്.
മുമ്പ് സംഭവിക്കാത്ത രീതിയില്‍ അന്താരാഷ്ട്രാ നിയമങ്ങളുടെ ലംഘനമാണ് ഗാസയില്‍ സംഭവിച്ചിട്ടുള്ളത്. യുദ്ധ കുറ്റകൃത്യങ്ങളും അതിക്രമങ്ങളും ആശങ്കാജനകവുമായ അവസ്ഥയിലാണെന്ന് ഐക്യരാഷ്ട്ര സംഘടന റിപ്പോര്‍ട്ട് വിശദമാക്കുന്നു. നേരത്തെ സാധാരണക്കാര്‍ക്ക് പരമാവധി ബാധിക്കാത്ത രീതിയില്‍ ഹമാസ് അനുയായികളെ മാത്രം ലക്ഷ്യമിട്ടാണ് തങ്ങളുടെ ആക്രമണം എന്നായിരുന്നു ഇസ്രയേല്‍ വാദിച്ചിരുന്നത്.
ഗാസയില്‍ ഇസ്രയേല്‍ ഉപയോഗിച്ച ആയുധങ്ങളുടെ സ്വഭാവമാണ് ഇത്രയധികം ആള്‍നാശത്തിന് കാരണമായതെന്നും ഐക്യരാഷ്ട്രസഭ വിശദമാക്കുന്നുണ്ട്. വലിയ ചുറ്റവിലുള്ള ആളുകളെ ബാധിക്കുന്ന രീതിയിലുള്ള ആളുകളേയും കെട്ടിടങ്ങളേയും തകര്‍ക്കാന്‍ മാത്രം പ്രഹരശേഷിയുള്ള ആയുധങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.