PHOTO: TWITTER
ജുഡീഷ്യറി അധികാരം പരിമിതപ്പെടുത്തി; ഇസ്രായേലില്‍ വ്യാപക പ്രതിഷേധം
കോടതികള്‍ക്കുമേല്‍ നിയന്ത്രണമേര്‍പ്പെടുത്തുന്ന വിവാദ നിയമം പാസാക്കിയ ഇസ്രായേല്‍ സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം. സുപ്രീംകോടതിയുടെ അധികാരങ്ങള്‍ നിയന്ത്രിക്കുന്നതടക്കമുള്ള പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പുതിയ നിയമത്തിനെതിരെ പതിനായിരങ്ങളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. രാജ്യത്തെ പ്രധാന ഹൈവേകള്‍ ഉപരോധിച്ചാണ് പ്രക്ഷോഭം.
ജറുസലേം, ടെല്‍ അവീവ് തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്രതിഷേധക്കാര്‍ സുരക്ഷാസേനയുമായും ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. മധ്യ ഇസ്രായേലിലെ ഹൈവേയില്‍ പ്രതിഷേധക്കാര്‍ക്കുനേരെ ട്രക്ക് ഇടിച്ചുകയറ്റി മൂന്നു പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ബില്ലിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് രാഷ്ട്രീയ നിരീക്ഷക സംഘടനകള്‍ അറിയിച്ചു.
അധികാരമില്ലാതായി കോടതികള്‍
രാജ്യത്ത് കോടതികളുടെ സ്വാധീനം പരിമിതപ്പെടുത്തുന്ന ബില്‍ കഴിഞ്ഞ ദിവസമാണ് പാസാക്കിയത്. ജുഡീഷ്യറി പരിഷ്‌കരണം ജനാധിപത്യ അടിത്തറയ്ക്ക് ഭീഷണിയാണെന്ന് വിമര്‍ശകര്‍ വാദിക്കുന്നു. പ്രതിപക്ഷം പൂര്‍ണമായും വിട്ടുനിന്ന വോട്ടെടുപ്പില്‍ 64 വോട്ടുകള്‍ക്കാണ് നിയമം പാസാക്കിയത്.
നീതിന്യായ സംവിധാനത്തിന്റെ അധികാരം പരിമിതപ്പെടുത്തുന്നതാണ് പുതിയ ബില്‍. ബില്ല് പാസായതോടെ സുപ്രീംകോടതിയുടെ അധികാരം ഇല്ലാതാകും. ഇതോടെ അഴിമതിയും അയോഗ്യരായ വ്യക്തികളെ പ്രധാന സ്ഥാനങ്ങളില്‍ നിയമിക്കുന്നതും തടയുന്നതിന് സുപ്രീംകോടതിക്കുള്ള അധികാരം ഇല്ലാതാകും എന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്.
എക്‌സിക്യൂട്ടീവ്, ലെജിസ്‌ലേറ്റീവ് ബ്രാഞ്ചുകള്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനുള്ള കോടതികളുടെ കഴിവിനെ ദുര്‍ബലപ്പെടുത്തുന്ന നയമാണ് ഇസ്രായേല്‍ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. 30 മണിക്കൂറോളം നീണ്ട തുടര്‍ച്ചയായ ചര്‍ച്ചകള്‍ക്കു ശേഷമാണ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടന്നത്. രാഷ്ട്രീയ തീരുമാനങ്ങളില്‍ കോടതികള്‍ കൂടുതലായി ഇടപെടുന്നുവെന്നും അധികാരത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ പ്രസ്തുത നിയമം ആവശ്യമാണെന്നുമാണ് ഇസ്രായേല്‍ സര്‍ക്കാരിന്റെ വാദം.
ജനാധിപത്യത്തിന് ഭീഷണി
ജുഡീഷ്യറി പരിഷ്‌കരണം രാജ്യത്തെ ധ്രുവീകരിക്കുകയും ഗുരുതരമായ ആഭ്യന്തര പ്രതിസന്ധികള്‍ക്ക് ഇടയാക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ബില്‍ പാസാക്കിയാല്‍ സേവനം അവസാനിപ്പിക്കുമെന്ന് നിരവധി സൈനികരടക്കം സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇസ്രായേല്‍ സുരക്ഷാ സേവനങ്ങളുടെ മുന്‍ മേധാവികള്‍, ചീഫ് ജസ്റ്റിസുമാര്‍, പ്രമുഖ നിയമ-വ്യാപാര രംഗത്തെ പ്രമുഖരും സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡനും നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു.
നിര്‍ദിഷ്ട നിയമനിര്‍മാണ പരിഷ്‌കാരം പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ സഖ്യകക്ഷികള്‍ക്കും അനിയന്ത്രിതമായ അധികാരം നല്‍കുമെന്ന് പ്രതിപക്ഷം ആശങ്ക പങ്കുവയ്ക്കുന്നു. അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന നെതന്യാഹുവിന് രക്ഷപ്പെടാന്‍ വേണ്ടിയാണ് പുതിയ നിയമപരിഷ്‌കാരമെന്നും പ്രതിപക്ഷം ആരോപിക്കുന്നു.