PHOTO: TWITTER
ഗാസ പൂര്‍ണമായും ഒഴിപ്പിക്കുമെന്ന് ഇസ്രയേല്‍
ഗാസ പൂര്‍ണമായും ഒഴിപ്പിക്കാന്‍ തീരുമാനിച്ച് ഇസ്രയേല്‍ സര്‍ക്കാര്‍. ആക്രമണം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്നതിന്റെ രൂപരേഖ ഇസ്രയേല്‍ പ്രധാനമന്ത്രി യുദ്ധമന്ത്രിസഭയ്ക്ക് സമര്‍പ്പിച്ചു. പൂര്‍ണവിജയത്തിനായി റാഫയില്‍ കരയാക്രമണം നടത്തേണ്ടത് അത്യാവശ്യമാണെന്നും ഇസ്രയേല്‍ അറിയിച്ചു. പാരീസില്‍ ഈജിപ്ത് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി അമേരിക്ക നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഗാസ മുനമ്പ് പൂര്‍ണമായും ഒഴിപ്പിക്കുമെന്ന് ഇസ്രയേല്‍ അറിയിക്കുന്നത്.
ഇസ്രയേല്‍ ആക്രമണം ആരംഭിച്ചപ്പോള്‍ 23 ലക്ഷത്തോളം ആളുകളാണ് ഗാസയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ 13 ലക്ഷം പേരും ഈജിപ്ത് അതിര്‍ത്തിയിലുള്ള റാഫയില്‍ തിങ്ങിപ്പാര്‍ക്കുകയാണ്. അതേസമയം വടക്കന്‍ ഗാസയില്‍ ജനുവരി 23 ന് ശേഷം സഹായം എത്തിക്കാന്‍ സാധിച്ചില്ലെന്ന് യുഎന്‍ ഏജന്‍സി പറഞ്ഞു.
വെടിനിര്‍ത്തല്‍ ഉടന്‍ ഉണ്ടായേക്കുമെന്ന് ബൈഡന്‍
ഇസ്രയേല്‍-ഗാസ യുദ്ധത്തില്‍ അടുത്ത തിങ്കളാഴ്ചയോടെ വെടിനിര്‍ത്തല്‍ ഉണ്ടായേക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഖത്തറിലെ ഇസ്രയേല്‍-ഹമാസ് പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ബൈഡന്‍ വെടിനിര്‍ത്തല്‍ സാധ്യത ചൂണ്ടിക്കാണിച്ചത്. വെടിനിര്‍ത്തല്‍ ഉടമ്പടി നടപ്പിലാക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അറിയിച്ചിട്ടുണ്ടെന്ന് ബൈഡന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുമ്പോള്‍ 29,782 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 70,043 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.