.jpg)
ഇസ്രയേലിന് ആയുധം നല്‍കുന്നത് തുടരും; കമല ഹാരിസ്
ഇസ്രയേലിന് ആയുധം കൈമാറാനുള്ള നയത്തില്‍ മാറ്റമുണ്ടാവില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി തടയാനോ പൂര്‍ണ്ണമായും അവസാനിപ്പിക്കാനോ ഉള്ള ആഹ്വാനങ്ങള്‍ നിരസിക്കുകയും ചെയ്തു.
ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. അതോടൊപ്പം തന്നെ ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ നിരപരാധികളായ പലസ്തീനികള്‍ കൊല്ലപ്പെടുന്നതില്‍ ആശങ്കയുണ്ടെന്നും യുദ്ധം അവസാനിക്കണമെന്നും കമല ഹാരിസ് പ്രതികരിച്ചു.
ബന്ദികളെ മോചിപ്പിക്കണമെന്നും കമല ഹാരിസ് പറഞ്ഞു. യുഎസിന് നിയമങ്ങളുണ്ട്, അത് പിന്തുടരുകയും പ്രാബല്യത്തിലാക്കുകയും വേണമെന്നും അനധികൃതമായി അതിര്‍ത്തി കടന്ന് ആളുകളെത്തുന്നത് പ്രത്യാഘാതമുണ്ടാക്കുമെന്നും കുടിയേറ്റം സംബന്ധിക്കുന്ന ചോദ്യത്തിന് കമല ഹാരിസ് മറുപടി നല്‍കി.
ട്രമ്പിന്റേത് അമേരിക്കയെ വിഭജിക്കുന്ന അജണ്ടയെന്ന് കമല ഹാരിസ്
അമേരിക്കയെ വിഭജിക്കാനുള്ള അജണ്ടയും അഭിലാഷവുമാണ് ഡൊണാള്‍ഡ് ട്രംമ്പിനുള്ളതെന്ന് കമല ഹാരിസ്. ഈ യാഥാര്‍ത്ഥ്യം രാജ്യത്തെ ജനത തിരിച്ചറിയുന്നുണ്ടെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ കമല ഹാരിസ് പറഞ്ഞു.
അമേരിക്കയുടെ പൈതൃകവും ശക്തിയും ഇല്ലാതാക്കുന്ന അജണ്ടയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ട്രമ്പിന്റേത്. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിന് ശേഷമാണ് ട്രമ്പ് അധികാരത്തില്‍ നിന്ന് പടിയിറങ്ങിയത്. ഇതില്‍ നിന്നും അമേരിക്കയെ രക്ഷിക്കാന്‍ തങ്ങളാല്‍ കഴിയുന്നത് ചെയ്യുക എന്നതിനായിരുന്നു ജോ ബൈഡന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയതെന്നും കമല ഹാരിസ് പറഞ്ഞു.
പ്രതികരിച്ച് ട്രമ്പ്
തന്റെ ഡെമോക്രാറ്റിക് എതിരാളി നിലപാടില്‍ ഉറച്ച് നില്‍ക്കാത്തവരാണെന്നും തെരഞ്ഞെടുപ്പ് ആയുധമാക്കുന്നവരെ പ്രസിഡന്റാക്കാന്‍ അമേരിക്ക അനുവദിക്കില്ലെന്നുമായിരുന്നു കമലയുടെ അഭിമുഖത്തോടുള്ള ട്രമ്പിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ട്രമ്പ് കമല ഹാരിസിനെതിരെ നടത്തിയ അശ്ലീല പരാമര്‍ശം വിവാദമായിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഉയരുന്നതിനായി കമല ഹാരിസ് മുന്‍ സാന്‍ഫ്രാന്‍സിസ്‌കോ മേയര്‍ വില്ലി ബ്രൗണിന്റെ ലൈംഗികാവശ്യങ്ങള്‍ക്ക് വഴങ്ങിയെന്ന ആരോപണമാണ് സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രമ്പ് ഉയര്‍ത്തിയത്.