
ഇസ്രായേല്‍ ഗോലാന്‍ കുന്നുകളില്‍ കൂടുതല്‍ വാസസ്ഥലങ്ങള്‍ ആരംഭിക്കും
അധിനിവേശ ഗോലാന്‍ കുന്നുകളില്‍ ഇസ്രായേലി വാസസ്ഥലങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിക്ക് ഇസ്രായേല്‍ സര്‍ക്കാര്‍ അനുമതി നല്‍കി. സിറിയയില്‍ അസദ് ഭരണകൂടത്തിന്റെ പതനത്തിനുശേഷം ഇസ്ലാമിക സംഘടനയുടെ കൈകളിലേക്ക് രാജ്യം എത്തിയതു കാരണം സിറിയയുമായുള്ള ഇസ്രായേലിന്റെ അതിര്‍ത്തിയില്‍ പുതിയ മുന്നണി തുറന്നതിനാല്‍ ഇത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ഗോലാന്‍ കുന്നുകളിലെ ജനസംഖ്യ ഇരട്ടിയാക്കാനാണ് ഇസ്രായേല്‍ പദ്ധതിയിടുന്നത്. 1967-ല്‍ ആറുദിവസത്തെ യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചെടുത്തതാണ് ഗോലാന്‍ കുന്നുകള്‍. ഇത് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമായി കൈയേറിയതാണെന്ന് അന്താരാഷ്ട്ര സമൂഹം കരുതുന്നു.
ബാഷര്‍ അല്‍-അസദും കുടുംബവും റഷ്യയിലേക്ക് പലായനം ചെയ്തതിന് പിന്നാലെ ഇസ്രായേല്‍ ഗോലാന്‍ കുന്നുകളിലെ ബഫര്‍ സോണും കൈയ്യേറി. ഡമാസ്‌കസിലെ ഭരണത്തില്‍ ഉണ്ടായ മാറ്റം എന്നാല്‍ വെടിനിര്‍ത്തല്‍ ക്രമീകരണങ്ങള്‍ തകര്‍ന്നുവെന്നാണ് അര്‍ത്ഥം എന്നാണ് ഇസ്രായേല്‍ ഈ നീക്കത്തെ തുടര്‍ന്ന് വിശദീകരിച്ചത്. എങ്കിലും സിറിയയുമായി ഒരു സംഘര്‍ഷത്തിന് താല്‍പര്യം ഇല്ലെന്ന് നെതന്യാഹു ഞായറാഴ്ച്ച വൈകുന്നേരം ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. താഴെത്തട്ടിലെ യാഥാര്‍ത്ഥ്യം അനുസരിച്ച് സിറിയയെ സംബന്ധിച്ച നയം ഇസ്രായേല്‍ നിശ്ചയിക്കുമെന്ന് പ്രസ്താവന പറയുന്നു.
ഗോലാന്‍ കുന്നുകളില്‍ 30 ജനവാസ കേന്ദ്രങ്ങളിലായി ഏകദേശം 20,000 പേര്‍ വസിക്കുന്നു എന്നാണ് കണക്കുകള്‍. അന്താരാഷ്ട്ര നിയമ പ്രകാരം അത് നിയമ വിരുദ്ധം ആണ്. എന്നാല്‍ അത് ഇസ്രായേല്‍ അംഗീകരിക്കുകയില്ല.
ഇസ്രായേല്‍ നിയന്ത്രണം പിടിച്ചെടുത്ത കാലത്ത് പലായനം ചെയ്യാതിരുന്ന 20,000-ത്തോളം സിറിയക്കാരും ഇവിടെ വസിക്കുന്നു. ഇതില്‍ മിക്കവരും ഡ്രൂസ് അറബുകളാണ്.
ഇസ്രായേലികള്‍ അവിടെ തുടരുമെന്ന് നെത്യന്യാഹു പറയുന്നു. എന്നാല്‍, ഗോലാന്‍ കുന്നുകളില്‍ കൂടുതല്‍ ഇസ്രായേലികള്‍ വാസമുറപ്പിക്കുന്നതിനോട് മുന്‍ ഇസ്രായേലി പ്രധാനമന്ത്രിയായ എഹൂദ് ഒള്‍മെര്‍ട്ട് യോജിക്കുന്നില്ല. നിലവില്‍ സിറിയയുടെ ഭരണം കൈയ്യടക്കിയവരുമായി പോരാട്ടത്തിന് ഇല്ലെന്ന് പ്രധാനമന്ത്രി പറയുന്നുണ്ട്. എന്നാല്‍ എന്തിനാണ് നമ്മള്‍ അതിനെതിരായി പ്രവര്‍ത്തിക്കുന്നതെന്ന് ഒള്‍മര്‍ട്ട് ചോദിച്ചു. നമുക്ക് കൈകാര്യം ചെയ്യാന്‍ വേണ്ട പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറിയയുടെ പുതിയ നേതാവ് അഹമ്മദ് അല്‍-ഷാറ എന്ന അബു മുഹമ്മദ് അല്‍-ജൊലാനി ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ വിമര്‍ശിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രഖ്യാപനം ഉണ്ടായത്. ഡിസംബര്‍ 8-ന് ശേഷം ഇസ്രായേല്‍ 450 വ്യോമാക്രമണങ്ങള്‍ നടത്തിയെന്ന് സന്നദ്ധ സംഘടനകള്‍ പറയുന്നു.