PHOTO: PTI
ഇറാനില്‍ കനത്ത വ്യോമാക്രമണവുമായി ഇസ്രയേല്‍; വ്യോമഗതാഗതം നിര്‍ത്തിവെച്ചു
ഏപ്രില്‍ 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടി നല്‍കി ഇസ്രയേല്‍. വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ നടത്തിയത് കനത്ത വ്യോമാക്രമണം. ഇറാന്‍ നഗരമായ ഇസ്ഫഹാനിലെ ഷഹിദ് സലാമിലാണ് ആക്രമണം ഉണ്ടായത്.
ഇറാന്‍ നഗരങ്ങളായ ടെഹ്റാന്‍, ഇസ്ഫഹാന്‍, ഷിറാസ് എന്നിവിടങ്ങളിലേക്കുള്ള വ്യോമഗതാഗതം ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചു. ടെഹ്റാനിലെ ഇമാം ഖമനയി രാജ്യാന്തര വിമാനത്താവളം അര്‍ധരാത്രിവരെ അടച്ചിട്ടു. എമിറേറ്റ്സ്, ഫ്ലൈ ദുബായ് വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തു.
ഇറാനെ വെറുതെ വിടില്ലെന്ന് ഇസ്രയേല്‍ സൈനിക മേധാവി
ശനിയാഴ്ചയാണ് ഇസ്രയേലിനെതിരെ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ ഇറാന്‍ നടത്തിയത്. ഇസ്രയേലിലേക്ക് ഇറാന്‍ തൊടുത്ത മുന്നൂറിലധികം ആയുധങ്ങളുടെ 99 ശതമാനവും ഇസ്രയേലും സഖ്യകക്ഷികളും ചേര്‍ന്ന് തടുത്തിരുന്നു. ആക്രമണത്തില്‍ ഒരു പെണ്‍കുട്ടിക്ക് പരുക്കേറ്റതൊഴിച്ചാല്‍ കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഏപ്രില്‍ ഒന്നിന് സിറിയയിലെ ഇറാനിയന്‍ എംബസിക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ സൈനിക കമാന്‍ഡര്‍മാര്‍ അടക്കം 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിന്റെ സൈനിക പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇസ്രയേല്‍ യുദ്ധമന്ത്രിസഭ നാല് തവണയാണ് യോഗം ചേര്‍ന്നത്. ഇറാനുമായി യുദ്ധം വേണ്ടെന്നും സംഘര്‍ഷം ശക്തമാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കിയിട്ടുണ്ട്.
തിരിച്ചടിയുടെ സ്വഭാവവും വ്യാപ്തിയും നിര്‍ണയിച്ചിട്ടില്ലെന്നും നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളുമയച്ച് ആക്രമണം നടത്തിയ ഇറാനെ വെറുതെ വിടില്ലെന്നും പ്രത്യാക്രമണത്തിന് ഒരുങ്ങുന്നതായും ഇസ്രയേല്‍ സൈനിക മേധാവി റവ് അലുഫ് ഹെര്‍സി ഹലേവി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.