TMJ
searchnav-menu
post-thumbnail

PHOTO: PTI

TMJ Daily

ജെനിന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് ഇസ്രായേല്‍ പിന്‍വാങ്ങി; അറബ് രാജ്യങ്ങള്‍ ഇടപെടണമെന്ന് അറബ് ലീഗ് 

05 Jul 2023   |   2 min Read
TMJ News Desk

ണ്ടുദിവസമായി തുടര്‍ന്നുവന്ന സൈനികാക്രമണങ്ങള്‍ക്കൊടുവില്‍ വെസ്റ്റ് ബാങ്കിലെ അഭയാര്‍ത്ഥി ക്യാമ്പായ ജെനിനില്‍ നിന്ന് ഇസ്രായേല്‍ സൈന്യം പിന്മാറി. തിങ്കളാഴ്ച പുലര്‍ച്ചെ ആരംഭിച്ച ആക്രമണത്തില്‍ 12 പലസ്തീനികളും ഒരു പട്ടാളക്കാരനും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ അറബ് രാജ്യങ്ങള്‍ അടിയന്തരമായി ഇടപെടണമെന്ന് അറബ് ലീഗ് ആവശ്യപ്പെട്ടു.

ഓപ്പറേഷന്‍ ഹോം ആന്‍ഡ് ഗാര്‍ഡന്‍ എന്ന പേരിലായിരുന്നു ഇസ്രായേല്‍ ആക്രമണം അഴിച്ചുവിട്ടത്. പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെ സൗദി വിദേശകാര്യ മന്ത്രാലയവും അപലപിച്ചു. ഇസ്രായേല്‍ തുടരുന്ന ആക്രമണത്തില്‍ അന്വേഷണം നടത്തി അന്താരാഷ്ട്ര കോടതിയില്‍ വിചാരണ ചെയ്യണമെന്നാണ് അറബ് ലീഗിന്റെ ആവശ്യം. 

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ക്യാമ്പിലെ നിരവധി താമസസ്ഥലങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചു നിരത്തി. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അയ്യായിരത്തിലേറെ പലസ്തീന്‍കാരാണ് ഒറ്റദിവസംകൊണ്ട് ജെനിന്‍ ക്യാമ്പില്‍ ഭവനരഹിതരായത്. മൂവായിരത്തിലധികം ആളുകളെ ക്യാമ്പില്‍ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി പലസ്തീന്‍ റെഡ് ക്രസന്റ് അറിയിച്ചു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇസ്രായേല്‍ നടത്തുന്ന ഏറ്റവും വലിയ സൈനിക നടപടിയായിരുന്നു ഇത്. 

അശാന്തമായി വെസ്റ്റ് ബാങ്ക് 

1950 കളിലാണ് വടക്കന്‍ വെസ്റ്റ് ബാങ്കില്‍ ജെനിന്‍ ക്യാമ്പ് സ്ഥാപിതമാകുന്നത്. ക്യാമ്പില്‍ 18,000 ത്തോളം പലസ്തീനികളാണ് താമസിക്കുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് മൂവായിരത്തിലധികം പലസ്തീനികള്‍ ക്യാമ്പ് വിട്ടുപോയി. സമീപകാലത്ത് ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണം അധിനിവേശ വെസ്റ്റ് ബാങ്കില്‍ വര്‍ധിച്ചുവരികയാണ്. ഈ വര്‍ഷം 180 ലധികം പലസ്തീനികള്‍ അക്രമത്തില്‍ കൊല്ലപ്പെട്ടു. 

നൂറുകണക്കിന് പലസ്തീന്‍ യുവാക്കളെയാണ് സൈന്യം അറസ്റ്റു ചെയ്തത്. സംഘര്‍ഷത്തില്‍ പരുക്കേറ്റവര്‍ക്കാവശ്യമായ വൈദ്യസഹായം നല്‍കാന്‍ ആശുപത്രികളിലേക്ക് മാറ്റാന്‍ പോലും ഇസ്രായേല്‍ സൈന്യം അനുവദിച്ചില്ലെന്ന് പലസ്തീന്‍ ആരോപിച്ചു. അന്തര്‍ദേശീയ സമൂഹം ഇടപെട്ടില്ലെങ്കില്‍ വന്‍ ദുരന്തമാകും ഉണ്ടാകുകയെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് കൂട്ടിച്ചേര്‍ത്തു. 

പലസ്തീന്‍ സായുധ പ്രതിരോധത്തിന്റെ കേന്ദ്രമായി മറ്റുള്ളവര്‍ ജെനിന്‍ ക്യാമ്പിനെ കാണുമ്പോള്‍ തീവ്രവാദ ക്യാമ്പായാണ് ഇസ്രായേല്‍ വിശേഷിപ്പിക്കുന്നത്. ഇസ്ലാമിക്, ജിഹാദ്, ഫത്തഹ് പാര്‍ട്ടി എന്നിവരുടെ സായുധ ഗ്രൂപ്പുകളുടെ കേന്ദ്രം കൂടിയാണ് ജെനിന്‍ ക്യാമ്പ്. അതിനാല്‍ തീവ്രവാദികളായവരുടെ കൈവശമുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തു നശിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് ഇസ്രായേലിന്റെ വാദം. 

ആയിരത്തിലേറെ സൈനികരുടെ അകമ്പടിയില്‍ ഡ്രോണുകളും 150 ഓളം ബുള്‍ഡോസറുകളും കവചിത വാഹനങ്ങളുമാണ് ജെനിന്‍ ക്യാമ്പിലേക്ക് ഇരച്ചുകയറിയത്. മരണപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടും. വീടുകളും വാഹനങ്ങളും റോഡുകളുമുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളും ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടു. ഇതിനുമുമ്പ് 2002 ലാണ് ജെനിന്‍ ക്യാമ്പിനു നേരെ ഇസ്രായേലിന്റെ മറ്റൊരു വലിയ സൈനിക ആക്രമണം നടന്നത്. അന്ന് ഒരാഴ്ച നീണ്ട ആക്രമണത്തില്‍ 50 ലധികം പലസ്തീനികളും 23 ഇസ്രായേല്‍ സൈനികരും കൊല്ലപ്പെട്ടിരുന്നു. 

വ്യത്യസ്ത നിലപാടുമായി ലോകരാജ്യങ്ങള്‍

ഇസ്രായേല്‍ നടപടിയില്‍ ലോകവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. ഇറാന്‍, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളും അറബ് ലീഗും അക്രമത്തെ അപലപിച്ചു. പരുക്കേറ്റവര്‍ക്ക് ചികിത്സ നിഷേധിച്ചതില്‍ ഐക്യരാഷ്ട്രസഭ ആശങ്ക അറിയിച്ചു. 

അറബ് മുസ്ലീം ലോകവും ചില യൂറോപ്യന്‍ രാജ്യങ്ങളും ഇസ്രായേലിന്റെ കടന്നുകയറ്റത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. അഭയാര്‍ത്ഥി ക്യാമ്പിലെ സൈനിക നടപടി മനുഷ്യത്വവിരുദ്ധമാണെന്ന് യുഎന്‍ പ്രതികരിച്ചു. അതേസമയം, സുരക്ഷ മുന്‍നിര്‍ത്തിയുള്ള ഇസ്രായേല്‍ നടപടിയില്‍ അപാകതയില്ലെന്ന് ബ്രിട്ടനും അമേരിക്കയും പ്രതികരിച്ചു. ഹമാസ്, പലസ്തീനിയന്‍, ഇസ്ലാമിക് ജിഹാദ് തുടങ്ങിയ തീവ്രവാദ സംഘടനകളെ പ്രതിരോധിക്കാനും സുരക്ഷയൊരുക്കാനുമുള്ള ഇസ്രായേലിന്റെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നാണ് അമേരിക്കയുടെ വാദം.


#Daily
Leave a comment