PHOTO | WIKI COMMONS
തെക്കന്‍ ഗാസയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നതായി ഇസ്രയേല്‍
തെക്കന്‍ ഗാസ മുനമ്പില്‍ നിന്ന് കരസേനയെ പിന്‍വലിച്ചതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ 98-ാംമത്തെ കമാന്‍ഡോ വിഭാഗം തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലെ ദൗത്യം അവസാനിപ്പിച്ചതായും അടുത്ത പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറെടുക്കുമെന്നും സൈന്യം പ്രസ്താവനയിലൂടെ അറിയിക്കുകയായിരുന്നു. ഗാസയ്‌ക്കെതിരായ യുദ്ധം ഏഴാം മാസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഇസ്രയേലിന്റെ പ്രഖ്യാപനം. അതേസമയം 162-ാം ഡിവിഷനും നഹാല്‍ ബ്രിഗേഡും നയിക്കുന്ന ഒരു സുപ്രധാന സേന ഗാസ മുനമ്പില്‍ തുടരുമെന്ന് ഇസ്രയേല്‍ അറിയിച്ചു. ആയിരക്കണക്കിന് സൈനികരെ ഉള്‍ക്കൊള്ളുന്നതാണ് ഒരു ഇസ്രയേലി ബ്രിഗേഡ്.
റഫയെ ആക്രമിക്കാനുള്ള മുന്നൊരുക്കമെന്ന് വിമര്‍ശനം
സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനം തെക്കന്‍ ഗാസയിലെ റഫ നഗരത്തെ ആക്രമിക്കാനുള്ള ഇസ്രയേല്‍ ഒരുക്കത്തെ വൈകിപ്പിക്കുമെന്ന നിരീക്ഷണങ്ങള്‍ വ്യാപകമാണ്. എന്നാല്‍ റഫയില്‍ മിലിട്ടറി ഓപ്പറേഷന്‍ നടക്കുമെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അറിയിച്ചത്. കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ ഇസ്രയേല്‍ തയ്യാറായിട്ടില്ല. സൈന്യം അവരുടെ അടുത്ത ദൗത്യത്തിനായി തയ്യാറെടുക്കുകയാണ്, അതിന്റെ ഉദാഹരണമാണ് അല്‍-ഷിഫ ഓപ്പറേഷനില്‍ കണ്ടത്, റഫ മേഖലയില്‍ പൂര്‍ത്തിയാക്കാനിരിക്കുന്ന ദൗത്യവും അങ്ങനെയായിരിക്കും, സൈനിക ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയില്‍ ഗാലന്റ് പറഞ്ഞു.
റഫയിലേക്കുള്ള കര ആക്രമണത്തിന് തയ്യാറെടുക്കാന്‍ സേനയെ പുനര്‍വിന്യസിക്കുകയാണ് ഇസ്രയേല്‍ ലക്ഷ്യമെന്ന വിമര്‍ശനം ഉയരുന്നുണ്ട്. ഇസ്രയേല്‍ സേനയുടെ ഭാഗികമായ പിന്‍വാങ്ങല്‍ സൈനികര്‍ക്ക് വിശ്രമിക്കാനും പുനഃക്രമീകരണം നടത്താനുമുള്ള അവസരമാണെന്നാണ് അമേരിക്കയുടെ പ്രതികരണം. അതേസമയം ഗാസയില്‍ വെടിനിര്‍ത്തലിനായി പുതിയ ചര്‍ച്ചകള്‍ക്ക് ഈജിപ്ത് തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.