PHOTO: PTI
വെടിനിര്‍ത്തല്‍ ആലോചനയില്‍പ്പോലുമില്ല; ഗാസ സിറ്റി വളഞ്ഞ് ഇസ്രയേല്‍ സൈന്യം
പലസ്തീനില്‍ മരണസംഖ്യ കുത്തനെ ഉയരുന്ന സാഹചര്യത്തിലും വെടിനിര്‍ത്തലിനെ കുറിച്ച് ആലോചിക്കാതെ ഇസ്രയേല്‍. ഗാസ സിറ്റി വളഞ്ഞ് സൈന്യം മുന്നേറുകയാണെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും വെടിനിര്‍ത്തല്‍ ആലോചനയിലില്ല എന്നാണ് ഇസ്രയേലിന്റെ നയം. തുടരെയുള്ള വ്യോമാക്രമണങ്ങളിലുള്‍പ്പെടെ ഇതുവരെ കൊല്ലപ്പെട്ട പലസ്തീനികള്‍ 9061 ആണ്. ഇതില്‍ 3760 കുട്ടികളാണെന്ന് പലസ്തീന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഗാസയില്‍ മുന്നേറുന്നുവെന്ന് നെതന്യാഹു
ഗാസ മുനമ്പില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇതുവരെ 335 ലധികം സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇസ്രയേല്‍ സൈന്യം പുറത്തുവിട്ട കണക്കുകള്‍ തെറ്റാണെന്നും. അതില്‍ കൂടുതല്‍ ഇസ്രയേല്‍ സൈനികര്‍ ഗാസയില്‍ കൊല്ലപ്പെട്ടതായും ഹമാസ് സായുധവിഭാഗം വക്താവ് അബു ഉബൈദ പറഞ്ഞു. നിങ്ങളുടെ സൈനികര്‍ കറുത്ത ബാഗുകളിലായിരിക്കും തിരിച്ചു വരുക എന്നാണ് അബു ഇബൈദ വ്യാഴാഴ്ച നടത്തിയപ്രസംഗത്തിനിടെ പറഞ്ഞത്.
യുദ്ധത്തിന്റെ കൊടുമുടിയിലാണുള്ളത്്, ഗാസയിലെ ഉള്‍പ്രദേശങ്ങള്‍ കടന്നു മുന്നേറുകയാണ് എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. ബന്ദികളുടെ മോചനം മുന്‍നിര്‍ത്തി മനുഷ്യത്വപരമായ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടിരുന്നു. ഹമാസ് ബന്ദികളാക്കിയ 240 പേരെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇസ്രയേല്‍.