
ഇസ്രായേൽ ആക്രമണം: 24 മണിക്കൂറിൽ ലെബനനിൽ കൊല്ലപ്പെട്ടത് 28 ആരോഗ്യ പ്രവർത്തകർ
ഇസ്രായേൽ ആക്രമണത്തിൽ ലെബനനിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 28 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട എല്ലാ ആരോഗ്യ പ്രവർത്തകരും പരിക്കേറ്റവരെ ചികിത്സിക്കുന്ന ഡ്യൂട്ടിയിലായിരുന്നെന്ന് ലെബനനിലെ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ അബ്ദുനാസിർ അബൂബക്കർ പറഞ്ഞു. ഇസ്രായേൽ ലെബനനിൽ കനത്ത ബോംബാക്രമണം തുടരുകയാണ്. ആക്രമണത്തെ തുടർന്ന് തെക്കൻ ലെബനനിലെ 37 മെഡിക്കൽ
സൗകര്യങ്ങൾ അടച്ചുപൂട്ടി. ബെയ്റൂട്ടിലെ മൂന്ന് ആശുപത്രികൾ രോഗികളെയും ജീവനക്കാരെയും ഒഴിപ്പിക്കുകയും ചെയ്തു.
പല ആരോഗ്യ പ്രവർത്തകരും ജോലിക്ക് എത്തുന്നില്ല, ബോംബാക്രമണം കാരണം അവർ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ നിന്ന് പലായനം ചെയ്തു. ലോകാരോഗ്യ സംഘടന ( ഡബ്ലിയും എച്ച് ഒ) ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്ക് ശക്തമായ സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണം മാസ് ട്രോമ മാനേജ്മെൻ്റും ആരോഗ്യ സേവനങ്ങളുടെ തുടർച്ചയും പരിമിതപ്പെടുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ലെബനനിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചതിന് ശേഷം 127 കുട്ടികൾ ഉൾപ്പെടെ 2,000 ത്തോളം പേരാണ് കൊല്ലപ്പെട്ടത്. 9,384 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 73 ആരോഗ്യ പ്രവർത്തകർ ഉൾപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
ആശുപത്രികൾ ഇതിനകം തന്നെ ഒഴിപ്പിക്കപ്പെട്ടിട്ടുണ്ട്. എനിക്ക് ഇപ്പോൾ പറയാൻ കഴിയുന്നത് വൻതോതിലുള്ള അത്യാഹിത മാനേജ്മെൻ്റിനുള്ള ശേഷി നിലവിലുണ്ടെന്ന് ഞാൻ കരുതുന്നു, പക്ഷേ സിസ്റ്റം യഥാർത്ഥത്തിൽ അതിൻ്റെ പരിധിയിലെത്തുന്നത് വരെ മാത്രമേ സമയമുള്ളൂ. ലോകാരോഗ്യ സംഘടനയുടെ പ്രതിനിധിയായ ഡോ. അബ്ദുൾ നാസിർ അബൂബക്കർ പറഞ്ഞു.
വിമാന നിയന്ത്രണങ്ങൾ കാരണം, ആഗോള ആരോഗ്യ ഏജൻസിക്ക് വെള്ളിയാഴ്ച്ച രാജ്യത്തേക്ക് ആവശ്യമായ മെഡിക്കൽ സാധനങ്ങൾ കാര്യമായി കയറ്റുമതി ചെയ്യാൻ സാധിച്ചില്ലെന്ന് ടെഡ്രോസ് പറഞ്ഞു.
പശ്ചിമേഷ്യയിലെ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾ വിമാന യാത്രകളെ തകരാറിലാക്കുകയാണ്. വിമാനകമ്പനികൾ വിമാനങ്ങൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്യുന്നു. പ്രാദേശിക വിമാനത്താവളങ്ങളിൽ നീണ്ട കാലതാമസം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ലെബനനിലേക്ക് അടിയന്തര സാമഗ്രികൾ എത്തിക്കുന്നതിനും, കടൽ വഴിയോ റോഡ് വഴിയോ മറ്റ് സാധ്യതകൾ പരിശോധിക്കുന്നതിനും ലോകാരോഗ്യ സംഘടന രാജ്യങ്ങളുമായി ചർച്ച നടത്തുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഭാരവാഹിയായ അബ്ദുൾ നാസിർ അബൂബക്കർ പറഞ്ഞു.