IMAGE | WIKI COMMONS
ഇസ്രയേല്‍ ആക്രമണം ശക്തം: എണ്‍പതിനായിരത്തിലധികം പലസ്തീനികള്‍ റഫയില്‍ നിന്ന് പലായനം ചെയ്തു
റഫയില്‍ ഇസ്രയേല്‍ ആക്രമണം ശക്തം. 80,000 ത്തിലധികം പലസ്തീനികള്‍ റഫയില്‍ നിന്ന് പലായനം ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലിന്റെ കരയാക്രമണം ശക്തമാകുന്ന സാഹചര്യത്തില്‍ ആയിരക്കണക്കിന് പേര്‍ റഫ വിട്ടുപോകാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. റഫ അതിര്‍ത്തി ഇസ്രയേല്‍ സൈന്യം ഏറ്റെടുത്തതോടെ കഴിഞ്ഞ മൂന്ന് ദിവസമായി ഗാസയിലേക്കുള്ള സഹായം നിര്‍ത്തിവച്ചിരിക്കുകയാണെന്ന് യുഎന്‍ വ്യക്തമാക്കി. മാനുഷിക പ്രവര്‍ത്തനങ്ങളെ വികലമാക്കുകയാണ് ഇസ്രയേല്‍ നടപടികളെന്നും യുഎന്‍ പ്രതികരിച്ചു.
റഫയ്ക്ക് നേരെയുള്ള ആക്രമണത്തിന് ആയുധങ്ങള്‍ നല്‍കില്ലെന്ന് യുഎസ് പറഞ്ഞതിന് പിന്നാലെ കരയാക്രമണത്തിന് വേണ്ട ആയുധങ്ങള്‍ തങ്ങളുടെ കൈവശമുണ്ടെന്നാണ് ഇസ്രയേല്‍ പ്രതികരിച്ചത്. ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 34,904 പേര്‍ കൊല്ലപ്പെടുകയും 78,514 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അതിര്‍ത്തിയില്‍ ഇസ്രയേല്‍ നിയന്ത്രണം
ഈജിപ്തിനും തെക്കന്‍ ഗാസയ്ക്കുമിടയിലുള്ള റഫ അതിര്‍ത്തിയിലെ ഇസ്രയേല്‍ നിയന്ത്രണത്തെ ഐക്യരാഷ്ട്ര സഭ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ഗാസസയില്‍ ആവശ്യമായ ഭക്ഷണവും മെഡിക്കല്‍ സപ്ലെകളും ലഭ്യമാകാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അതിര്‍ത്തിയിലെ നിയന്ത്രണം കൂടുതല്‍ ക്ഷാമത്തിലേക്ക് നയിക്കുമെന്നും യുഎന്‍ സഹായ ഏജന്‍സികള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇസ്രയേലിന്റെ റഫ ആക്രമണം തന്ത്രപരമായ പിഴവാണെന്നും വന്‍ വിപത്തിലേക്ക് നയിക്കുമെന്നും യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. റഫയിലേക്കുള്ള പ്രധാന ക്രോസിംഗായ കരേം അബു സലേം അടച്ചുപൂട്ടുന്നത് പലസ്തീനികളെ ദുരിതത്തിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രയേല്‍ അധികാരികള്‍ ജീവന്‍രക്ഷാ സഹായം തടയുന്ന ഓരോ ദിവസവും കൂടുതല്‍ പലസ്തീനികള്‍ മരിക്കാനുള്ള സാധ്യതയുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പ്രതികരിച്ചു.
ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തില്‍ മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി ഹമാസ് അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് റഫയില്‍ ഇസ്രയേല്‍ കരയാക്രമണം ആരംഭിക്കുന്നതും, അതിര്‍ത്തിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും. വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ അംഗീകരിച്ചതായി ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയായിരുന്നു അറിയിച്ചത്. എന്നാല്‍ നിര്‍ദേശങ്ങള്‍ തങ്ങളുടെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നില്ലെന്ന് ഇസ്രയേല്‍ പ്രതികരിച്ചതോടെ ചര്‍ച്ച അവസാനിക്കുകയായിരുന്നു. റഫ നഗരത്തിലും ഗാസയുടെ മറ്റ് ഭാഗങ്ങളിലും ഹമാസിനെ ഇല്ലാതാക്കുന്നത് വരെ റഫ ഓപ്പറേഷന്‍ തുടരുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ്രഖ്യാപിച്ചിരുന്നു.