ഗാസയിലെ ഷുജയ മേഖലയില്‍ ഇസ്രയേല്‍ ആക്രമണം; കൊല്ലപ്പെട്ടത് നൂറിലധികം പലസ്തീനികള്‍
ഗാസ സിറ്റിയിലെ ഷുജയ മേഖലയില്‍ ഇസ്രയേല്‍ കരയാക്രമണം ആരംഭിച്ചതോടെ കൊല്ലപ്പെട്ടത് നൂറിലധികം പലസ്തീനികള്‍. ഷുജയ മേഖലയിലേക്ക് ആംബുലന്‍സുകളെയോ അഗ്നിശമന സേനാംഗങ്ങളെയോ, മാധ്യമപ്രവര്‍ത്തകരെയോ ഇസ്രയേല്‍ കടത്തിവിടുന്നില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈന്യം കൊലപ്പെടുത്തിയത് ഹമാസ് അംഗങ്ങളെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളെയുമാണെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഖാന്‍ യൂനിസ് മേഖലയില്‍ അവസാനമായി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്ഥാപനമായ നാസര്‍ ഹോസ്പിറ്റലും റഫയ്ക്ക് സമീപമുള്ള കുവൈറ്റ് ഫീല്‍ഡ് ഹോസ്പിറ്റലും അടച്ചുപൂട്ടേണ്ടിവരുമെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.
വെസ്റ്റ് ബാങ്കിലെ ജെനിനിലും ആക്രമണം
വെസ്റ്റ്ബാങ്ക് നഗരമായ ജെനിന്‍ പ്രദേശത്ത് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ അഞ്ച് പലസ്തീനികള്‍ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ 5,300 പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിടുന്നതായി ഇസ്രയേല്‍ ആന്റി സെറ്റില്‍മെന്റ് മോണിറ്ററിങ് പറഞ്ഞതിന് പിന്നാലെയാണ് ആക്രമണം. വടക്കന്‍ ഗാസയിലെ ജബാലിയയില്‍ മൂന്ന് കുട്ടികളും തെക്കന്‍ നഗരമായ ഖാന്‍ യൂനിസില്‍ രണ്ട് പേരും ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 38,000 കടന്നതായാണ് റിപ്പോര്‍ട്ട്. 87,445 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.