
PHOTO: PTI
ഗാസയില്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം; 18 പേര്‍ കൊല്ലപ്പെട്ടു
പലസ്തീന്‍ മേഖലയില്‍ ഇസ്രയേല്‍ ബോംബാക്രമണം തുടരുന്നതിനിടെ മധ്യ ഗാസയിലെ മഗാസി അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 11 പേര്‍ കൊല്ലപ്പെട്ടു. റാഫയിലെ യാബ്ന അഭയാര്‍ത്ഥി ക്യാമ്പിലെ വീടിന് നേരെ ഇസ്രയേല്‍ ജെറ്റ് ആക്രമണത്തില്‍ നാല് കുട്ടികളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍. അഭയാര്‍ത്ഥികള്‍ തിങ്ങിനിറഞ്ഞ ക്യാമ്പിന് നേരെയായിരുന്നു ആക്രമണം. അധിനിവേശ വെസ്റ്റ്ബാങ്കില്‍ പലസ്തീനികള്‍ക്കെതിരെയുള്ള ഇസ്രയേല്‍ കുടിയേറ്റക്കാരുടെ ആക്രമണങ്ങളെ അപലപിച്ച് യുഎന്‍, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, പലസ്തീന്‍ അവകാശ സംഘടനകള്‍ എന്നിവ രംഗത്തുവന്നു.
ഒക്ടോബര്‍ ഏഴ് മുതല്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 33,843 പലസ്തീനികള്‍ കൊല്ലപ്പെടുകയും 76,575 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം ഗാസയില്‍ ഭക്ഷണവും വെള്ളവും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ക്കായി കാത്തുനിന്നവര്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 29 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. എന്നാല്‍ സഹായം കാത്തുനിന്നവരെ സൈന്യം ആക്രമിച്ചെന്ന ആരോപണത്തെ ഇസ്രയേല്‍ നിഷേധിച്ചിരുന്നു.
ഇറാനെതിരെ ഉപരോധവുമായി ഇസ്രയേല്‍
ഇറാന്റെ മിസൈല്‍ പദ്ധതിക്കെതിരെ ഇസ്രയേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിനെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ ഇസ്രയേല്‍ 32 രാജ്യങ്ങള്‍ക്ക് കത്തയച്ചു. ഇറാന്‍ മിലിട്ടറിയായ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ആവശ്യപ്പെട്ടു. നിലവില്‍ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡിനെ അമേരിക്ക ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇസ്രയേലിന്റെ പ്രത്യാക്രമണ സാധ്യത മുന്‍നിര്‍ത്തി ആണവനിലയങ്ങള്‍ ഇറാന്‍ താല്ക്കാലികമായി അടച്ചതായി യുഎന്‍ ആണവോര്‍ജ ഏജന്‍സി അറിയിച്ചു. ഇറാനിലോ, സിറിയ, ഇറാഖ്, ലെബനന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഇറാന്റെ സേനാതാവളങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയേക്കുമെന്നാണ് കരുതുന്നത്.