TMJ
searchnav-menu
post-thumbnail

TMJ Daily

ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

10 Sep 2024   |   1 min Read
TMJ News Desk

തെക്കന്‍ ഗാസയിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് നേരെയുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസയിലെ സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചു. ഖാന്‍ യൂനിസിലെ അല്‍ മവാസി മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയത്. 

നേരത്തെ ഇസ്രയേല്‍ സൈന്യം സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്ന പ്രദേശമാണ് അല്‍ മവാസി. അതുകൊണ്ടുതന്നെ ഈ മേഖലയിലാണ് ആഭ്യന്തര പലായനത്തിന് നിര്‍ബന്ധിതരായവരില്‍ അധികവും അഭയം പ്രാപിച്ചിരുന്നത്. മിസൈല്‍ ആക്രമണത്തില്‍ ഏകദേശം 30 അടി ആഴത്തിലുള്ള ഗര്‍ത്തങ്ങള്‍ ഈ മേഖലയില്‍ രൂപപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഹമാസ് കമാന്‍ഡ് സെന്റര്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഇസ്രയേല്‍ സൈന്യം അറിയിച്ചത്.

ഇസ്രയേലിന്റെ ആരോപണത്തെ തള്ളി ഹമാസ്

മാനുഷിക മേഖലകളില്‍ കമാന്‍ഡ് സെന്ററെന്ന ഇസ്രയേലിന്റെ ആരോപണത്തെ ഹമാസ് തള്ളി. കുറ്റകൃത്യങ്ങളെ ന്യായീകരിക്കാന്‍ വേണ്ടിയുള്ള നുണയാണിതെന്നും തങ്ങളുടെ ഏതെങ്കിലും അംഗങ്ങള്‍ സിവിലിയന്‍ മേഖലകളില്‍ ഉണ്ടെന്നോ സൈനിക ആവശ്യങ്ങള്‍ക്കായി ഈ സ്ഥലങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള വാദം ഹമാസ് പലതവണ നിഷേധിച്ചതാണെന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.

ഇസ്രയേല്‍-ഗാസ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലപാട്

ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്ന ആവശ്യത്തെ പിന്തുണച്ച് വിദേശകാര്യമന്ത്രി ജയശങ്കര്‍. ഇന്ത്യ-ജിസിസി (ഇന്ത്യ-ഗള്‍ഫ് കോഓപ്പറേഷന്‍) വിദേശകാര്യമന്ത്രിമാരുടെ ആദ്യ യോഗത്തില്‍ സംസാരിക്കവെയാണ് ഇസ്രായേല്‍-ഗാസ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലപാട് വിശദീകരിച്ചത്.


#Daily
Leave a comment