ഗാസയില്‍ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റിന് നേരെ ഇസ്രയേല്‍ ആക്രമണം, എട്ട് പേര്‍ കൊല്ലപ്പെട്ടു
ഗാസ സിറ്റിയിലെ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റിന് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടു. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രമേയം അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ആക്രമണം. യുഎസ് പിന്തുണയ്ക്കുന്ന പ്രമേയം യുഎന്‍ രക്ഷാസമിതി തിങ്കളാഴ്ചയാണ് അംഗീകരിക്കുന്നത്. വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങളെ സ്വാഗതം ചെയ്യുന്ന പ്രമേയത്തിന് പതിനാല് രാജ്യങ്ങള്‍ വോട്ട് ചെയ്യുകയും റഷ്യ വിട്ടുനില്‍ക്കുകയും ചെയ്തു.
ഹമാസ് പ്രമേയത്തെ സ്വാഗതം ചെയ്തു. കരാറിലെ തത്വങ്ങള്‍ നടപ്പാക്കാന്‍ മധ്യസ്ഥരുമായി സഹകരിക്കാനും പരോക്ഷ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും തയ്യാറാണെന്ന് വോട്ടെടുപ്പിന് ശേഷം ഹമാസ് അറിയിച്ചു. വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ ഇസ്രയേല്‍ അംഗീകരിച്ചതായി യുഎസ് പറഞ്ഞു. എന്നാല്‍ ഹമാസിന് അനുകൂലമായേക്കാവുന്ന ചര്‍ച്ചകളിലേര്‍പ്പെടാന്‍ തങ്ങളുടെ രാജ്യം തയ്യാറല്ലെന്ന് ഇസ്രയേലിന്റെ യുഎന്‍ പ്രതിനിധി പറഞ്ഞു.
പ്രമേയത്തില്‍ പറയുന്നത് പ്രകാരം മൂന്നുഘട്ടമായാണ് വെടിനിര്‍ത്തല്‍ നടപ്പിലാക്കുക. ആറാഴ്ചത്തെ വെടിനിര്‍ത്തലും തടവുകാരുടെ കൈമാറ്റവും ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നു. രണ്ടാം ഘട്ടത്തില്‍ സ്ഥിരമായ വെടിനിര്‍ത്തലും ബാക്കി തടവുകാരെ വിട്ടയക്കലും ഉള്‍പ്പെടും. മൂന്നാം ഘട്ടത്തില്‍ തകര്‍ന്ന ഗാസ മുനമ്പിന്റെ പുനര്‍നിര്‍മ്മാണമാണ് പറയുന്നത്. ആദ്യ ഘട്ടത്തില്‍ ഗാസ മുനമ്പിലേക്ക് മാനുഷിക സഹായം എത്തണമെന്നും നിര്‍ദേശിക്കുന്നു. രണ്ടാം ഘട്ടത്തില്‍ ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുമെന്ന് പ്രമേയത്തില്‍ പറയുന്നു.