
ഗാസയില്‍ അഭയാര്‍ത്ഥി ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് നേരെ ഇസ്രയേല്‍ ആക്രമണം; 29 പേര്‍ കൊല്ലപ്പെട്ടു
ഗാസയിലെ ഖാന്‍ യൂനിസില്‍ അഭയാര്‍ത്ഥി ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് നേരെ ഇസ്രയേല്‍ ആക്രമണം. അബസാന്‍ ടൗണിലെ സ്‌കൂളില്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ടെന്റുകളെ ലക്ഷ്യംവച്ചാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ 29 പലസ്തീനികള്‍ കൊല്ലപ്പെട്ടു. നാല് ദിവസത്തിനിടെ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന സ്‌കൂളിന് നേരെ ഉണ്ടാകുന്ന നാലാമത്തെ ആക്രമണമാണിത്. ഖാന്‍ യൂനിസിന്റെയും ഗാസ സിറ്റിയുടെയും ചില ഭാഗങ്ങളില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ ഉത്തരവിട്ടിരുന്നു. ഇതോടെ ആ മേഖലകളില്‍ നിന്നും പതിനായിരത്തോളം ആളുകള്‍ക്ക് പലായനം ചെയ്യേണ്ടതായി വന്നു. ഖാന്‍ യൂനിസില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട മൂന്ന് ആശുപത്രികള്‍ ആക്രമണത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയതായാണ് റിപ്പോര്‍ട്ട്.
അഭയകേന്ദ്രങ്ങളില്‍ ആക്രമണം
അഭയാര്‍ത്ഥികള്‍ താമസിക്കുന്ന സ്‌കൂളുകള്‍ക്ക് നേരെ നാല് ദിവസത്തിനിടെ നാലാമത്തെ ആക്രമണമാണ് ഉണ്ടാകുന്നത്. നുസെറാത്തിലെ അല്‍-ജവാനി സ്‌കൂളില്‍ താമസിക്കുന്ന 16 പലസ്തീനികള്‍ ജൂലൈ 6 ന് ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഏകദേശം 2000 പലസ്തീനികള്‍ ആക്രമണ സമയത്ത് സ്‌കൂളിലുണ്ടായിരുന്നതായി പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യൂഎ അറിയിച്ചു. ജൂലൈ 7 ന് ഗാസ സിറ്റിയിലെ ഹോളി ഫാമിലി സ്‌കൂളിന് നേരെ ഉണ്ടായ ആക്രമണത്തില്‍ നാല് പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.