TMJ
searchnav-menu
post-thumbnail

TMJ Daily

താല്‍ അല്‍-ഹവയിലെ ഇസ്രയേല്‍ ആക്രമണം; സൈന്യം പിന്‍വാങ്ങിയ ശേഷം കണ്ടെടുത്തത് 60 മൃതദേഹങ്ങള്‍

13 Jul 2024   |   1 min Read
TMJ News Desk


ഗാസയുടെ ഷുജയ മേഖലയിലെ താല്‍ അല്‍-ഹവയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം ഭാഗികമായി പിന്‍വാങ്ങിയ ശേഷം രക്ഷാപ്രവര്‍ത്തകര്‍ 60 മൃതദേഹങ്ങള്‍ കണ്ടെടുത്തു. യുദ്ധാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കൂടുതല്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കുകയാണെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നാണ് റിപ്പോര്‍ട്ട്. കണ്ടെടുത്ത മൃതദേഹങ്ങള്‍ അതേ സ്ഥലത്ത് തന്നെ സംസ്‌കരിക്കുകയാണെന്നും ചിലത് ജീവികള്‍ തിന്നുതീര്‍ത്ത അവസ്ഥയിലാണെന്നും ഗാസയുടെ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബാസല്‍ പറഞ്ഞു. പ്രദേശത്തെ തകര്‍ന്ന കെട്ടിടങ്ങളില്‍ നിന്ന് പരുക്കേറ്റവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. 

നിരവധി മൃതദേഹങ്ങള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയിലാണെന്നും രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗാസ സിറ്റിയില്‍ ഇസ്രയേല്‍ സൈന്യം ആസൂത്രിത കൂട്ടക്കൊല നടത്തിയെന്ന് ഗാസ ഗവര്‍ണ്‍മെന്റ് മീഡിയ ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഇസ്മായില്‍ അല്‍ തവാബ്ത പ്രതികരിച്ചു. തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിന് സമീപം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട നാല് സഹായ പ്രവര്‍ത്തകരില്‍ യുകെ മാനുഷിക സംഘടനയായ അല്‍-ഖൈര്‍ ഫൗണ്ടേഷന്റെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തുവന്നു. 

അഭയകേന്ദ്രങ്ങളിലെ ആക്രമണം

ഗാസയിലെ ഖാന്‍ യൂനിസില്‍ അഭയാര്‍ത്ഥി ക്യാമ്പായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയിരുന്നു. അബസാന്‍ ടൗണിലെ സ്‌കൂളില്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ടെന്റുകളെ ലക്ഷ്യംവച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ 29 പലസ്തീനികള്‍ കൊല്ലപ്പെട്ടു. അഭയാര്‍ത്ഥികള്‍ താമസിക്കുന്ന സ്‌കൂളുകള്‍ക്ക് നേരെ നാല് ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഖാന്‍ യൂനിസിന്റെയും ഗാസ സിറ്റിയുടെയും ചില ഭാഗങ്ങളില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ ഉത്തരവിട്ടിരുന്നു. ഇതോടെ ആ മേഖലകളില്‍ നിന്നും പതിനായിരത്തോളം ആളുകള്‍ക്ക് പലായനം ചെയ്യേണ്ടതായി വന്നിട്ടുണ്ട്. ഖാന്‍ യൂനിസില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട മൂന്ന് ആശുപത്രികള്‍ ആക്രമണത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയതായാണ് റിപ്പോര്‍ട്ട്.


#Daily
Leave a comment